ആലപ്പുഴ: കനത്ത മഴ തുടരുന്നുണ്ടെങ്കിലും ജില്ലയിൽ ഇന്നലെ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പലേടത്തും കടൽ കയറ്റം അനുഭവപ്പെട്ടു.

അടുത്ത അഞ്ച് ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ മഴ തുടരാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതോടെ ജില്ലയെ യെല്ലോ അലർട്ടിൽ ഉൾപ്പെടുത്തി. 30 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.

31നോട് കൂടി തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മദ്ധ്യ-കിഴക്കൻ അറബിക്കടലിലുമായി ഒരു ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ 31 മുതൽ ജൂൺ 4 വരെ കടലിൽ പോകരുത്.