 സ്കൂൾ ഓട്ടം നിറുത്താൻ ആലോചിച്ച് ആട്ടോറിക്ഷ ഡ്രൈവർമാർ

ആലപ്പുഴ: വട്ടംകിടക്കുന്ന കൊവിഡിനെ വെട്ടിമുറിക്കാൻ എളുപ്പമല്ലെന്ന് വ്യക്തമായതോടെ 'സ്കൂൾ ഓട്ടം' എന്ന സൈഡ് ബിസിനസ് ഉപേക്ഷിക്കാനുള്ള ആലോചനയിലാണ് ആട്ടോറിക്ഷ- വാൻ ഡ്രൈവർമാർ. ജൂൺ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ ലഭിക്കുന്ന ബോണസായിരുന്നു സ്കൂൾ ഓട്ടം. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം സ്കൂൾ ഓട്ടം നഷ്ടക്കണക്കാവുമെന്നാണ് ഡ്രൈവർമാരുടെ കണക്കുകൂട്ടൽ.

സ്കൂൾ ഓട്ടത്തിൽ നിന്നാണ് ഭൂരിഭാഗം പേരും വാഹനത്തിന്റെ സി.സിയും വീട്ടുവാടകയും അടക്കമുള്ള ചെലവുകൾ നടത്തിയിരുന്നത്. രണ്ട് നേരത്തെ ഓട്ടത്തിന് ഒരു കുട്ടിക്ക് പ്രതിമാസം 500 രൂപ മുതലാണ് ആട്ടോ നിരക്ക്. ദൂരം കൂടുന്നതനുസരിച്ച് വർദ്ധനവുണ്ടാകും. ആട്ടോറിക്ഷകളെ അപേക്ഷിച്ച്, നിത്യേന മറ്റ് ഓട്ടം ലഭിക്കാത്തവരാണ് വാൻ ‌ ഡ്രൈവർമാർ. പരമാവധി ആഞ്ച് വിദ്യാർത്ഥികളെ മാത്രം കൊണ്ടുപോകാൻ അനുമതിയുള്ള സ്ഥാനത്ത് കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നതും അപകടങ്ങൾ സംഭവിക്കുന്നതും പതിവായതോടെ മോട്ടോർ വാഹന വകുപ്പ് കടിഞ്ഞാണിട്ടിരുന്നു. വിദ്യാർത്ഥികളെ കുറച്ചതോടെതന്നെ താളം തെറ്റിയ സ്ഥിതിക്ക് സാമൂഹിക അകലം പാലിച്ച് കുട്ടികളെ സ്കൂളിലെത്തിക്കുന്നത് വൻ ധനനഷ്ടത്തിന് വഴിവയ്ക്കുമെന്ന് ആട്ടോ ഡ്രൈവർമാർ പറയുന്നു. രണ്ടോ മൂന്നോ കുട്ടികളെ സ്കൂളിലേക്കും വീട്ടിലേക്കും എത്തിച്ചുവരുമ്പോൾ നഷ്ടക്കണക്കാവും മിച്ചമുണ്ടാവുക. അതിനാൽ സ്കൂൾ ഓട്ടം പൂർണമായി അവസാനിപ്പിക്കാനുള്ള ആലോചനയിലാണ് ഡ്രൈവർമാർ.

കൂടുതലും പെൺകുട്ടികളെയാണ് ആട്ടോറിക്ഷകളിൽ അയയ്ക്കുന്നത്. പരിചയമുള്ള ഡ്രൈവർക്കൊപ്പം അയയ്ക്കുന്നത് മാതാപിതാക്കൾക്കും ആശ്വാസമായിരുന്നു. ആട്ടോറിക്ഷക്കാർ സ്കൂൾ ഓട്ടം നിറുത്തിയാൽ പുതിയ സംവിധാനങ്ങൾ തേടി മാതാപിതാക്കൾ നെട്ടോട്ടമോടേണ്ടിവരും.

 യൂണിഫോം നിർബന്ധം

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രൈവർമാർക്ക് വെള്ള ഷർട്ടും കറുത്ത പാന്റ്സും യൂണിഫോം നിർബന്ധമാക്കി ട്രാൻസ്പോർട്ട് കമ്മിഷണർ കഴിഞ്ഞ ദിവസം ഉത്തരവിറക്കി. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും കൈയിലുണ്ടാവണം. എഡ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ബസ് പെർമിറ്റുള്ള വാഹനങ്ങൾക്കെല്ലാം ഉത്തരവ് ബാധകമാണ്.

 അകലം വേണം

സ്കൂൾ തുറക്കുന്ന തീയതി നിശ്ചയിക്കുന്ന മുറയ്ക്കുമാത്രമേ, സ്കൂൾ വാഹനങ്ങൾ പാലിക്കേണ്ട ചട്ടങ്ങളെക്കുറിച്ചുള്ള പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കൂ. ജൂലായ് മാസത്തോടെ സ്കൂൾ തുറക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ടെങ്കിലും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തീയതി നീളാനാണ് സാദ്ധ്യത. പതിവ് ചട്ടങ്ങൾക്ക് പുറമേ സാമൂഹിക അകലം സംബന്ധിച്ച നിർദേശം കൂടി ഇത്തവണത്തെ മാനദണ്ഡങ്ങളിലുണ്ടാവും.

............................................

സാമൂഹിക അകലം പാലിച്ച് കുട്ടികളുടെ സ്കൂൾ ഓട്ടം നടത്തുക പ്രായോഗികമല്ല. ഡീസൽ കാശ് പോലും മുതലാവില്ല. സ്കൂൾ ഓട്ടം ഉപേക്ഷിക്കാനാണ് ഞങ്ങൾ ആലോചിക്കുന്നത്

(ബെന്നിച്ചൻ, ആട്ടോറിക്ഷാ ഡ്രൈവർ)