ആലപ്പുഴ:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലയിലെ എം.പിമാരും എം.എൽ.എമാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഫലപ്രദമായ ഇടപെടൽ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. എം.പിമാരും എം.എൽ.എമാരുമായി നടത്തിയ വീഡിയോകോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.പിമാർക്ക് ലഭിച്ചുകൊണ്ടിരുന്ന ഫണ്ട് ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇടപെടൽ നടത്തുന്നതിന് തടസം നിൽക്കുന്നതായി എ.എം.ആരിഫ് എം.പി പറഞ്ഞു. എം.എൽ.എമാരായ സജി ചെറിയാൻ, ആർ.രാജേഷ്, ഷാനിമോൾ ഉസ്മാൻ, യു.പ്രതിഭ, ധനമന്ത്റിയുടെ പ്രതിനിധി കെ.ഡി.മഹീന്ദ്രൻ എന്നിവർ പങ്കെടുത്തു.എം.പിമാരുടെ ഫണ്ട് 2.5കോടി രൂപ അടിയന്തരമായി അനുവദിച്ചില്ലെങ്കിൽ എം.പിമാർക്ക് കൊവിഡ് പ്രതിരോധത്തിൽ ഒന്നും ചെയ്യാനാവില്ലെന്ന് ആരിഫ് ചൂണ്ടിക്കാട്ടി. ശക്തമായ കാലവർഷത്തിന് മുന്നോടിയായി വേണ്ട തയ്യാറെടുപ്പുകൾ സർക്കാർ എടുത്തിട്ടുണ്ട്. തങ്ങളുടെ മണ്ഡലത്തിൽ ഇത് കൃത്യമായി നടക്കുന്നുവെന്ന് എം.പിമാരും എം.എൽ.എമാരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്റി ആവശ്യപ്പെട്ടു.
ജില്ലാ തല ഉദ്യോഗസ്ഥനെ നിയമിക്കണം
പ്രളയകാലത്ത് സ്വീകരിച്ച നടപടി പോലെതന്നെ നിയോജകമണ്ഡലം അടിസ്ഥാനത്തിലും ഒരു ജില്ലാതല ഉദ്യോഗസ്ഥനെ കാര്യങ്ങൾ കോ-ഓർഡിനേറ്റ് ചെയ്യുന്നതിന് നിയോഗിക്കണം. കൊവിഡിനൊപ്പം തന്നെ വെള്ളപ്പൊക്ക സാദ്ധ്യതകൂടി കണക്കിലെടുത്ത് എം.പിമാരുടെയും എം.എൽ.എമാരുടെയും കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കണം. വീടുകളിൽ നിന്നും ആളുകളെ മാറ്റി താമസിപ്പിക്കേണ്ടി വരുന്ന സ്കൂളുകളിൽ റീബിൽഡ് കേരളയിലോ മറ്റേതെങ്കിലും പദ്ധതിയിലോ ഉൾപ്പെടുത്തി കൂടുതൽ ടോയ്ലെറ്റുകൾ നിർമ്മിക്കണം.
വായ്പ തിരിച്ചടവിന് ഇളവ് അനുവദിക്കണം
ഇസാഫ് , മുത്തൂറ്റ് പോലുള്ള മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ മുഖ്യമന്ത്റിയുടെ നിർദ്ദേശപ്രകാരം വയ്പ തിരിച്ചടവിൽ രണ്ടു മാസത്തെ ഇളവ് അനുവദിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്റി ഒരിക്കൽ കൂടി ആവശ്യപ്പെട്ട് ഇളവുകൾ അല്പം കൂടി നീട്ടി കിട്ടുന്നതിന് നടപടിയെടുക്കണം. വൈക്കം തവണക്കടവ് ഫെറിയിൽ രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഫെറി സർവീസിന് അനുമതി നൽകണം. ഇത് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഉദ്യോഗസ്ഥർക്കും പ്രയോജനപ്പെടും.