 എസ്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ പരീക്ഷകൾ പുനരാരംഭിച്ചു

ആലപ്പുഴ: അസാധാരണ ആരോഗ്യ സുരക്ഷാ നടപടികളുമായി എസ്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ പരീക്ഷകൾ പുനരാരംഭിച്ചു. ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും. പാതിവഴിയിൽ മുറിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ വീണ്ടുമെത്തിയ വിദ്യാർത്ഥികളെ പുത്തൻ അനുഭവങ്ങളാണ് സ്വാഗതം ചെയ്തത്

സ്കൂൾ കവാടത്തിൽ സാനിട്ടൈസറുമായി വരവേൽക്കുന്ന ഹരിതകർമ്മസേന, മുറ്റത്തേക്ക് കടന്നാൽ ശരീരതാപനില അളക്കാൻ തെർമൽ സ്ക്രീനിംഗ്, സ്കൂളിൽ നിന്ന് ലഭിക്കുന്ന പുത്തൻ മാസ്കുമായി അണുനശീകണം നടത്തിയ പരീക്ഷാ മുറികളിലേക്കുള്ള പ്രവേശനം... ഇങ്ങനെ കണ്ടും കേട്ടും ശീലമില്ലാത്ത കടമ്പകളായിരുന്നു കടക്കേണ്ടിയിരുന്നത്. ഡ്യൂട്ടിക്കെത്തുന്ന അദ്ധ്യാപകർക്ക് സാനിട്ടൈസറും മാസ്കും ഗ്ലൗസും നൽകി. മാസങ്ങൾക്ക് ശേഷം കൂട്ടുകാരെ വീണ്ടും കണ്ടപ്പോൾ ലോക്ക് ഡൗൺ വിശേഷങ്ങളുമായി ചിലർ ഒത്തുകൂടിയതോടെ, സാമൂഹിക അകലം പാലിക്കണമെന്ന് ഉച്ചഭാഷിണിയിൽ സ്കൂൾ അധികൃതരുടെ അറിയിപ്പെത്തി. ഓരോ പരീക്ഷാമുറിയിലും പരമാവധി 20 വിദ്യാർത്ഥികളെ മാത്രമാണ് അനുവദിച്ചത്. ഫസ്റ്റ് ബെൽ മുഴങ്ങിയതോടെ ക്ലാസ് മുറികളിലെത്തിയ ഇൻവിജിലേറ്റർമാർ വിദ്യാർത്ഥികൾക്ക് ആദ്യം സാനിട്ടൈസർ നൽകി. തുടർന്ന് ഉത്തരക്കടലാസും. പരീക്ഷയ്ക്ക് ശേഷം ഉത്തരക്കടലാസുകൾ അദ്ധ്യാപകർ ശേഖരിക്കുന്ന പതിവ് രീതിയും മാറി. അദ്ധ്യാപകരുടെ മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്ക് കവറിലേക്ക് രജിസ്റ്റർ നമ്പർ അനുസരിച്ച് കുട്ടികൾ ഉത്തരക്കടലാസുകൾ നിക്ഷേപിച്ചു.

എല്ലാ പരീക്ഷാകേന്ദ്രങ്ങളും ഫയർ ഫോഴ്‌സിന്റെ സഹായത്തോടെ മൂന്നു ദിവസം മുൻപ് തന്നെ അണുവിമുക്തമാക്കിയിരുന്നു. പരീക്ഷയുടെ ഇടവേളയിലും അണുനശീകരണം നടത്തി. സാമൂഹിക അകലം ഉറപ്പാക്കുക, കുട്ടികൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുക എന്നീ ലക്ഷ്യങ്ങളോടെ ആലപ്പുഴ ഫയർഫോഴ്സ് യൂണിറ്റിന് കീഴിലെ 50 അംഗ സിവിൽ ഡിഫൻസ് വോളണ്ടിയർമാരും സജീവമായിരുന്നു. ദീർഘമായ ഇടവേളയ്ക്ക് ശേഷമാണ് പരീക്ഷ നടന്നതെങ്കിലും കണക്ക് പരീക്ഷ തങ്ങളെ വെള്ളം കുടിപ്പിച്ചതായി എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ പറഞ്ഞു.

...............................................

# നാലുപേർ എഴുതിയില്ല

ജില്ലയിൽ നാല് വിദ്യാർത്ഥികൾ ഇന്നലത്തെ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയില്ല. ഒരാൾ വള്ളികുന്നം അമൃത സ്കൂളിലെ മരണപ്പെട്ട വിദ്യാർത്ഥിയാണ്. മറ്റൊരാൾ തുടക്കം മുതൽ പരീക്ഷകൾക്ക് ഹാജരായിരുന്നില്ല. മൂന്നാമത്തെയാൾ ശസ്ത്രകിയയ്ക്ക് വേണ്ടി തിരുവനന്തപുരത്തും നാലാമത്തെയാൾ അസുഖബാധിതനായി ചികിത്സയിലുമാണ്.

ചെങ്ങന്നൂർ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിനിക്ക് വി.എച്ച്.എസ്.ഇ പരീക്ഷയ്ക്ക് എത്താനായില്ല. ചെന്നൈയിലുള്ള വിദ്യാർത്ഥിനിക്ക് നിയന്ത്രണങ്ങളെ തുടർന്ന് കേരളത്തിലേക്ക് പ്രവേശനാനുമതി ലഭിച്ചില്ല. ഇവർക്ക് സേ പരീക്ഷ എഴുതാൻ അവസരം ലഭിക്കും.

..................

# വിദ്യാർത്ഥികളുടെ എണ്ണം

 എസ്.എസ്.എൽ.സി: 21,994

 ഹയർസെക്കൻഡറി: 55,000

 വി.എച്ച്.എസ്.ഇ: 2,741

..................

# ആളില്ലാതെ ആനവണ്ടി

പരീക്ഷാർത്ഥികൾക്ക് വേണ്ടി പ്രത്യേക ഷെഡ്യൂളുകൾ ഏർപ്പാടാക്കിയിരുന്നെങ്കിലും ഭൂരിഭാഗം പേരും സ്വകാര്യ വാഹനങ്ങളെയും സ്കൂൾ വാഹനങ്ങളെയും ആശ്രയിച്ചതോടെ കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചത് മോശം പ്രതികരണം. ചമ്പക്കുളം, കൈനകരി, തകഴി, കാവാലം എന്നീ സ്ഥലങ്ങളിലാണ് അധിക സർവീസ് ഏർപ്പാടാക്കിയിരുന്നത്. പ്രതീക്ഷിച്ചതിന്റെ പകുതി വിദ്യാർത്ഥികൾ പോലും കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ചില്ല. ഇതോടെ അധിക സർവീസിനു പകരം, പരീക്ഷാ സമയം അനുസരിച്ച് ഷെഡ്യൂളകൾ നിശ്ചയിക്കാൻ അധികൃതർ തീരുമാനിച്ചു. കുട്ടനാട് ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ജലഗതാഗത ബോട്ടുക

ളെ ഏറെപ്പേർ ആശ്രയിച്ചു.