കായംകുളം : നഗരസഭ 38, 39 വാർഡുകളുടെ അതിർത്തിയിലുള്ള ചാലാപ്പള്ളി പാലം തകർന്ന രണ്ട് വർഷം കഴിഞ്ഞിട്ടും പുനർനിർമ്മാണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് പൊതുജനകൂട്ടായ്മയുടെ നേതൃത്വത്തിൽ കീരിക്കാട്തെക്ക് പ്രദേശത്ത് 44 കേന്ദ്രങ്ങളിൽ നാളെ വൈകിട്ട് 6 ന് പ്രക്ഷോഭ ജ്വാല തെളിക്കും. പ്രക്ഷോഭ സമിതി ചെയർമാൻ വി.എം.അമ്പിളിമോൻ ഉദ്ഘാടനം നിർവഹിക്കും.

പൊതുജനകൂട്ടായ്മയുടെ നേതൃത്വത്തിൽ പലതവണ നഗരസഭയ്ക്ക് നിവേദനങ്ങൾ നൽകിയിട്ടും പ്രക്ഷോഭങ്ങൾ നടത്തിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ലന്ന് നാട്ടുകാർ പറയുന്നു. കായംകുളം പട്ടണത്തിന്റെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിലെ ജനങ്ങൾ പട്ടണത്തിലേക്ക് എത്തുന്നത് ചാലപ്പള്ളി പാലം വഴിയാണ്.

പലതവണ ചാലാപ്പള്ളി പാലത്തിന് തുക വകയിരുത്തിയിട്ട് അത് വകമാറ്റുന്ന സമീപനമാണ് നഗരസഭ നേതൃത്വം കൈകൊള്ളുന്നതെന്നാണ് ആരോപണം.

സഞ്ചാരയോഗ്യമല്ലാത്ത പാലത്തിന് കുറുകെ ഇലക്ട്രിക് പോസ്റ്റുകൾ ഇട്ടാണ് ജനങ്ങൾ ഇപ്പോൾ സഞ്ചരിക്കുന്നത്. ഇതുവഴി യാത്രചെയ്യുന്നവരിൽ പലരും തോട്ടിലേക്ക് വീഴുന്നത് പതിവ് കാഴ്ചയാണ്.