ആലപ്പുഴ: പൊതുഗതാഗത സംവിധാനം പുനരാരംഭിച്ചതോടെ ആരോഗ്യ പ്രവർത്തകർക്ക് യാത്രാ തടസം നേരിടുന്നതായി പരാതി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആരോഗ്യപ്രവർത്തകർക്ക് മാത്രമായി കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയിരുന്നു. എന്നാൽ പൊതുജനങ്ങൾ കൂടി യാത്ര ആരംഭിച്ചതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലിക്ക് എത്തേണ്ട ആരോഗ്യപ്രവർത്തകർക്ക് സമയത്ത് എത്താൻ സാധിക്കുന്നില്ലെന്നാണ് വിമർശനം. കൊവിഡ് പ്രോട്ടോക്കാൾ അനുസരിച്ച് സർവീസ് നടത്തുന്ന ബസുകളിൽ കൂടുതൽ യാത്രക്കാർ പാടില്ല. തിരക്ക് മൂലം ജീവനക്കാർക്ക് ബസിൽ കയറാൻ സാധിക്കുന്നില്ല. കഴിഞ്ഞദിവസം ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് ചേർത്തലയ്ക്ക് പുറപ്പെട്ട ബസിൽ ഇതേച്ചൊല്ലി തർക്കം ഉണ്ടായി. ഈ ബസ് ആലപ്പുഴ സ്റ്റാൻഡിൽ വന്നപ്പോൾ കൂടുതൽ പേർ കയറി. യാത്രക്കാർ അനുസരിക്കാതെ വന്നപ്പോൾ കണ്ടക്ടറും ഡ്രൈവറും ബസിൽ നിന്ന് ഇറങ്ങിപ്പോയി. സൂപ്രണ്ടിന് പരാതി നൽകിയിട്ടും പ്രത്യേക ബസ് സർവീസ് നടത്താൻ മെഡിക്കൽ കോളേജ് അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം.