തുറവൂർ: കൊവിഡ് പശ്ചാത്തലത്തിൽ വായ്പ തിരിച്ചടവിന് ഇളവു നൽകാത്ത പുതുതലമുറ ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും മൈക്രോ ഫിനാൻസ് വായ്പകളെടുത്ത സ്ത്രീകളടക്കമുള്ള ആയിരക്കണക്കിന് ആളുകളെ വലയ്ക്കുന്നു.

മൊറട്ടോറിയം കാലാവധി നിലനിൽക്കേ, മൈക്രോഫിനാൻസ് സംരംഭങ്ങളിൽ നിന്നു പണം വായ്പ എടുത്തവർക്ക് തിരിച്ചടവ് ആവശ്യപ്പെട്ട് അറിയിപ്പ് ലഭിച്ചുതുടങ്ങി. അയൽക്കൂട്ടം, കുടുംബശ്രീ സംവിധാനങ്ങൾ മുഖേന പരസ്പര ജാമ്യത്തിലാണ് പുതുതലമുറ ബാങ്കുകൾ ഉൾപ്പെടെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ വായ്പ നൽകിയിരിക്കുന്നത്. 10 മുതൽ 20 പേർ വരെ വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകൾക്കാണ് വായ്പ അനുവദിച്ചിരുന്നത്. ആഴ്ച, മാസത്തവണകളായാണ് തിരിച്ചടവ്. ഒരാൾ തിരിച്ചടവ് മുടക്കിയാൽ ഗ്രൂപ്പിന്റെ മൊത്തം തിരിച്ചടവ് മുടങ്ങും.എന്നാൽ കൊവിഡ് സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ ഒന്നും തന്നെ ഇത്തരം സ്ഥാപനങ്ങൾ അംഗീകരിക്കുന്നില്ലെന്നാണ് പരാതി.

പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകളാണ് മൈക്രോ ഫിനാൻസ് വായ്പയെടുക്കുന്നവരിൽ ഭൂരിഭാഗവും. കുറഞ്ഞ വേതനത്തിൽ വിവിധ തൊഴിൽ ചെയ്യുന്ന ഇവർ കൊവിഡ് മൂലം ജോലിയില്ലാതായതോടെ വല്ലാതെ ബുദ്ധിമുട്ടുകയാണ്. തിരിച്ചടവ് മുടങ്ങിയാൽ ഉയർന്ന പിഴപ്പലിശയാണ് സ്ഥാപനങ്ങൾ ഈടാക്കുന്നത്. വായ്പ ഗന്ധുക്കളായി അടയ്ക്കാൻ ഫോണിലൂടെയും കടുത്ത സമ്മർദ്ദമാണ് ചെലുത്തുന്നതെന്നും ഉപഭോക്താക്കൾ പറയുന്നു.