ചാരുംമൂട്: ചാരുംമൂട് ബ്ലോക്കിലെ കൃഷി ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ ടീം ചാരുംമൂട് സുഭിക്ഷ കേരളം - കൃഷിമുറ്റം പദ്ധതിയുമായി രംഗത്ത്. എല്ലാ വീടുകളിലും ഗ്രോബാഗിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

തുടക്കത്തിൽ ഒരു പഞ്ചായത്തിൽ 200 വീടുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. 15 ഗ്രോ ബാഗുകൾ, ഒരുകിലോ വീതം എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, നന്മ ജൈവ വളം, മത്സ്യഗവ്യം, 2 കിലോ ചകിരിച്ചോറ് കമ്പോസ്റ്റ്, 100 മില്ലി ജൈവ കീടനാശിനി, 7 ഇനം പച്ചക്കറി വിത്തുകൾ എന്നിവ അടങ്ങുന്നതാണ് കൃഷിമുറ്റം കിറ്റ്. 500 രൂപയ്ക്കാണ് കിറ്റ് നൽകുന്നത്. താമരക്കുളം, വള്ളികുന്നം, പാലമേൽ, നൂറനാട്, ചുനക്കര, ഭരണിക്കാവ് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുക. താത്പര്യമുള്ളവർ അതത് പഞ്ചായത്തിലെ കൃഷിഭവനിൽ ബന്ധപ്പെട്ടു ഇക്കോഷോപ്പുകളിൽ തുക അടച്ചു ജൂൺ മൂന്നിനുള്ളിൽ ബുക്ക്‌ ചെയ്യണം. കിറ്റ് വിതരണം ചെയ്യുന്ന തീയതിയും സമയവും രജിസ്റ്റർ ചെയുന്ന ഫോൺ നമ്പറിൽ അറിയിക്കുമെന്ന് ചാരുംമൂട് കൃഷി അസിസ്റ്റന്റ് ഡയറക്‌ടർ ഇൻ ചാർജ് സിജി സൂസൻ ജോർജ് അറിയിച്ചു.