ചാരുംമൂട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സർക്കാർ പ്രഖ്യാപിച്ച വാടകയിളവ് നൽകാൻ തയ്യാറാകണമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു. ലോക്ക് ഡൗൺ കാലത്ത് അടച്ചിട്ടിരുന്ന വ്യാപാര, വ്യവസായ സ്ഥാപനങ്ങളുടെ കെട്ടിട വാടക ഇളവുചെയ്ത് കൊടുക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സർക്കാർ ആവശ്യപ്പെടുകയും വ്യാപാരികൾക്ക് ഉറപ്പ് നൽകുകയും ചെയ്തതാണ്. എന്നാൽ ഇപ്പോഴും ഇളവുകൾ അനുവദിച്ചിട്ടില്ല എന്ന് മാത്രമല്ല ലോക്ക്ഡൗണിൽ അടഞ്ഞുകടന്ന ദിവസങ്ങളിലെ വാടക ആവശ്യപ്പെട്ട് വാടകക്കാരെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവുകൾ ഇല്ലെന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ പറയുന്നത്. വാക്ക് പാലിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകിയതായും രാജു അപ്സര പറഞ്ഞു.