മാവേലിക്കര: ആട്ടോ, ടാക്‌സി ഡ്രൈവർമാർക്ക് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ കൊവിഡ് ബോധവത്കരണം നടത്തി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്.സുബിയുടെ നേതൃത്വത്തിൽ മാർഗ നിർദ്ദേശങ്ങൾ അടങ്ങിയ ലഘുലേഖകളും വിതരണം ചെയ്തു. ജോ.ആർ.ടി.ഒ എം.ജി.മനോജിന്റെ നിർദ്ദേശപ്രകാരം നടന്ന പരിപാടിയിൽ എ.എം.വി.ഐമാരായ പി.ജയറാം, എം.ശ്യാംകുമാർ, കെ.ജി.ബിജു, കുര്യൻ ജോൺ എന്നിവർ പങ്കെടുത്തു.
നിർദ്ദേശങ്ങൾ: മുൻ സീറ്റിൽ ഡ്രൈവറെ കൂടാതെ യാത്രികരെ അനുവദിക്കില്ല. പിൻസീറ്റിൽ പരമാവധി രണ്ട് പേർക്ക് ഇരിക്കാം. മാസ്‌ക് നിർബന്ധമായും ധരിക്കണം. ടാക്‌സി വാഹനങ്ങളിൽ എ.സി അനുവദിക്കില്ല. ഗ്ലാസുകൾ യാത്രാ സമയങ്ങളിൽ പൂർണ്ണമായും താഴ്ത്തി ഇടണം. യാത്രയ്ക്ക് മുമ്പ് ഹാൻഡ് സാനിട്ടൈസർ അല്ലെങ്കില്‍ സോപ്പ് എന്നിവ ഉപയോഗിച്ചു കൈകൾ വൃത്തിയാക്കണം. സാമൂഹിക അകലം പാലിക്കുകയും യാത്രാ വേളയില്‍ സംസാരം കുറയ്ക്കുകയും വേണം. വാഹനത്തിൽ നിന്ന് പുറത്തേക്ക് തുപ്പുകയോ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുകയോ ചെയ്യരുത്. പനി, ചുമ, ഛർദ്ദി, തുമ്മൽ എന്നവ ഉള്ളവർ പൊതുഗതാഗതം ഉപയോഗിക്കരുത്. ലഗേജുകൾ യാത്രക്കാർ കൈകാര്യം ചെയ്യണം. കൈ ഉപയോഗിച്ച് മുഖം തുടയ്ക്കാനോ നോട്ട് എണ്ണുമ്പോൾ വായിൽ തൊടുകയോ ചെയ്യരുത്. യാത്രക്കാർ ഇരുന്ന സീറ്റും അവർ സ്പർശിക്കാൻ സാദ്ധ്യതയുള്ള ഭാഗങ്ങളും അണുനാശിനിയോ സോപ്പോ ഉപയോഗിച്ച് വൃത്തിയാക്കണം.