ചേർത്തല: ചേർത്തലയിലെ സാമുദായിക-സാസ്കാരിക രംഗങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന പി.കെ.എസ് എന്ന പി.കെ. സുരേന്ദ്രൻ ഇനി ഓർമ്മ.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനത്തിലെത്തിയ പി.കെ.എസ് കോൺഗ്രസ് ബ്ലോക്ക്, ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.1960കളിലാണ് എസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രവർത്തനങ്ങളിലേക്കു കടന്നു വരുന്നത്.യൂണിയൻ കൗൺസിലറായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ച സുരേന്ദ്രൻ 1963 മുതൽ 27 വർഷം ചേർത്തല യൂണിയന്റെ സെക്രട്ടറിയായിരുന്നു. രാഷ്ട്രീയക്കാർ പോലും ഇടപെടാൻ തയ്യാറാകാത്ത വിഷയങ്ങളിൽ സുരേന്ദ്രൻ ഇടപെട്ട് പരിഹാരം കാണുമായിരുന്നു.ഉദ്യോഗസ്ഥ, പൊലീസ് തലങ്ങളിലെ സൗഹൃദം അദ്ദേഹത്തെ ജനകീയനായ സമുദായ നേതാവാക്കി മാറ്റി. അലക്കിത്തേച്ച് വടിവൊത്ത വെള്ള ഉടുപ്പും മുണ്ടും ധരിച്ച് നടക്കുന്നതാണ് ശീലം.ദേശീയപാതയോരത്താണ് വീടെങ്കിലും ഗേറ്റ് അടയ്ക്കുന്ന പതിവില്ലായിരുന്നു. രാത്രിയെന്നോ, പകലെന്നാേ ഇല്ലാതെ ആർക്കും കയറിവരാം.കൂടെ പോകേണ്ട വിഷയമാണെങ്കിൽ ഉടൻ ഒപ്പമിറങ്ങും.സുരേന്ദ്രനെ ജനകീയനാക്കിയതും ഈ പ്രവർത്തനങ്ങളാണ്. യൂണിയൻ സംഘടിപ്പിക്കുന്ന പരിപാടികളിലെ വർദ്ധിച്ച ജനപങ്കാളിത്തം ഇതിന് ഉദാഹരണമായിരുന്നു.

ശിവഗിരി ആക്ഷൻ കൗൺസിലിന്റെ ഭാരവാഹിയായിരുന്ന പി.കെ.എസ് ശാശ്വതികാനന്ദ സ്വാമിയുമായി അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്നു.ശിവഗിരിയിലെ പൊലീസ് നടപടിക്ക് ശേഷം കളവംകോടത്ത് നടന്ന വിശദീകരണ സമ്മേളനത്തിൽ സുരേന്ദ്രൻ നടത്തിയ ഒരു മണിക്കൂർ നീണ്ട സ്വാഗത പ്രസംഗം സംഭവത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിയുള്ള നേർ വിവരണമായിരുന്നു. ഘനഗംഭീരമായ ശബ്ദവും കുറിക്കുകൊള്ളുന്ന വാക്കുകളും തിങ്ങിക്കൂടിയ ജനസഞ്ചയത്തെ ആകർഷിപ്പിച്ചു.

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വസതിയിലെത്തി റീത്ത് സമർപ്പിച്ചു. ചേർത്തല യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ,സെക്രട്ടറി വി.എൻ.ബാബു,വൈസ് പ്രസിഡന്റ് രവീന്ദ്രൻ അഞ്ജലി,അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ,കണിച്ചുകുളങ്ങര യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ,വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ,സെക്രട്ടറി കെ.കെ.മഹേശൻ,യോഗം കൗൺസിലർമാർ,ഡയറക്ടർ ബോർഡ് അംഗങ്ങൾ,വിവിധ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവരും അന്ത്യോപചാരമർപ്പിച്ചു.മുൻ മുഖ്യമന്ത്രി എ.കെ.ആന്റണി, മന്ത്രിമാരായ ഡോ.തോമസ് ഐസക്,പി.തിലോത്തമൻ,കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ ഫോണിലും അനുശോചനം അറിയിച്ചു.