തുറവൂർ: മൺസൂൺ തുടങ്ങാൻ ദിവസങ്ങൾ ശേഷിക്കേ, അന്ധകാരനഴി തെക്കേ സ്പിൽവേ ഷട്ടറുകൾ പൂർണമായും ഉയർത്തി അഴിമുഖത്തെ മണൽത്തിട്ട നീക്കം ചെയ്യണമെന്ന് ആവശ്യം. സ്പിൽവേ ഷട്ടറുകളിലൂടെ പൊഴിച്ചാൽ വഴി എത്തുന്ന വെള്ളം കടലിലേക്ക് ഇറങ്ങുന്നതോടെ മഴക്കാലത്തെ വെള്ളക്കെട്ടിന് ഒരു പരിധി വരെ പരിഹാരമാകും.

കഴിഞ്ഞ വർഷം മഴക്കാലം ആരംഭിച്ചു ദിവസങ്ങൾ കഴിഞ്ഞാണ് ഇറിഗേഷൻ വകുപ്പ് അധികൃതർ ജെ.സി.ബി.ഉപയോഗിച്ചു അഴിമുഖത്തെ മണൽ നീക്കം ചെയ്തത്. മൺസൂൺ തുടങ്ങും മുമ്പു തന്നെ മണ്ണ് ഡ്രഡ്ജ് ചെയ്ത് നീരൊഴുക്ക് സുഗമമാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കളക്ടർ എം.അഞ്ജനയ്ക്ക് പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.ആർ. പ്രമോദ് നിവേദനം നൽകി. ഇതിനിടെ, അന്ധകാരനഴിയിൽ അടിഞ്ഞു കൂടുന്ന എക്കൽ മണ്ണ് എടുക്കാൻ പ്രദേശവാസികളായ തൊഴിലാളികൾക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ടു ജെ.എസ്.എസ് അരൂർ മണ്ഡലം കമ്മിറ്റി രംഗത്തെത്തി. മൺസൂണിനു മുമ്പായി ഷട്ടറുകൾ തുറന്ന് ചെറുവള്ളങ്ങൾ അഴിമുഖത്ത് കയറ്റി മണലെടുക്കുന്ന രീതിയാണ് മുമ്പുണ്ടായിരുന്നത്. ഇത് തുടരാൻ അനുവദിക്കണമെന്നും ഇല്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്നും ജെ.എസ്.എസ് മണ്ഡലം പ്രസിഡന്റ് വി.കെ. അംബർഷൻ അറിയിച്ചു.