പൂച്ചാക്കൽ: നാടിനെ നടുക്കിയ കാറപകടത്തിൽ പരിക്കേറ്റ് വീട്ടിൽ ചികിത്സയിൽ കഴിയുന്ന നാല് പ്ലസ് വൺ വിദ്യാർത്ഥിനികൾ പരീക്ഷയെഴുതാൻ ഇന്ന് സ്കൂളുകളിലെത്തും. കഴിഞ്ഞ ഫെബ്രുവരി 10ന് പരീക്ഷയെഴുതി വീട്ടിലേക്ക് വരുമ്പോഴായിരുന്നു, ചന്ദന, സാഗി, അനഘ, അർച്ചന എന്നിവരെ അമിത വേഗത്തിൽ ദിശതെറ്റി വന്ന കാർ ഇടിച്ചു വീഴ്ത്തിയത്.

ഒരു മാസത്തോളം ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം നാലുപേരും ഇപ്പോൾ വീട്ടിൽ തുടർ ചികിത്സയിലാണ്. കാർ ആദ്യം ഇടിച്ചിട്ട അനീഷും മകനും സുഖം പ്രാപിച്ചു വരുന്നതേയുള്ളു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനികൾക്ക് പഠിച്ചത് ഓർത്തു വയ്ക്കാൻ ബുദ്ധിമുട്ടുണ്ട്. അദ്ധാപകരും സഹപാഠികളും നൽകുന്ന പിൻബലത്തിലാണ് നാലുപേരും പരീക്ഷ ഹാളിലെത്തുന്നത്.പാരലൽ കോളേജ് വിദ്യാർത്ഥിനിയായ അർച്ചന തൃച്ചാറ്റുകുളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലും ചന്ദന, സാഗി, അനഘ എന്നിവർ ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലുമാണ് പരീക്ഷ എഴുതുന്നത്.ശ്രീകണ്ഠേശ്വരം സ്കൂൾ വിദ്യാർത്ഥിനികൾക്ക് പി.ടി.എ.യുടെ ധനസഹായം പ്രസിഡന്റ് ബിജുദാസ് ഇന്നലെ വീടുകൾ സന്ദർശിച്ച് കൈമാറി.