തുറവൂർ: മത്സ്യക്കൃഷിക്കാരനായ ഭിന്നശേഷിക്കാരൻ പാട്ടത്തിനെടുത്ത പാടത്തു നിന്ന് വിളവെടുപ്പിന് പാകമായ മത്സ്യങ്ങൾ സംഘം ചേർന്ന് കവർന്ന കേസിൽ 10 പേർ പിടിയിൽ. തുറവൂർ പഞ്ചായത്ത് ഏഴാം വാർഡ് വലിയോടിത്തറ തമ്പിയുടെ ഭാര്യ അജിത (48), വലിയോടിത്തറ വിശ്വംഭരൻ (54), ഭാര്യ സുശീല (42), വലിയോടിത്തറ കൃഷ്ണന്റെ ഭാര്യ ലീല (54), കൊളുത്താതറ രവീന്ദ്രന്റെ ഭാര്യ ഓമന (60), കൊളുത്താതറ രാജന്റെ ഭാര്യ ലതിക (രതി-48), പാലാഞ്ഞിത്തറയിൽ ഉഭയന്റ ഭാര്യ പ്രമീള (57), ആഞ്ഞിലിക്കാപ്പള്ളി കോളനിയിൽ വാസുവിന്റെ ഭാര്യ രാജമ്മ (53), ആറാം വാർഡ് കുഴിപ്പള്ളി കോളനിയിൽ കുമാരന്റെ ഭാര്യ ലീല (63),എഴുപുന്ന തെക്ക് പുതുശേരിവെളി കോളനി കുമാരന്റെ ഭാര്യ ലീല (63) എന്നിവരാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന നൂറുപേർക്കെതിരെ കുത്തിയതോട് പൊലീസ് കേസെടുത്തു.
വളമംഗലം വടക്ക് ചൂർണിമംഗലത്തിനു സമീപം 7 ഏക്കർ പാടത്ത് കണ്ണമാലി കാട്ടുപറമ്പിൽ കെ.ജെ. മൈക്കിൾ പാട്ടത്തിനെടുത്ത് നടത്തിയ കൃഷിപ്പാടത്ത് നിന്നു ഗിഫ്റ്റ് തിലോപ്യ, ചെമ്മീൻ, കരിമീൻ എന്നിവയാണ് കഴിഞ്ഞ 20ന് പുലർച്ചെ പിടിച്ചത്. ചേർത്തല ഡിവൈ.എസ്.പി, കുത്തിയതോട് സി.ഐ എന്നിവർക്ക് നൽകിയ പരാതിയിലാണ് പ്രതികളെ പിടികൂടിയത്. താമസിയാതെ മറ്റു പ്രതികളെ കൂടി പിടികൂടുമെന്ന് പൊലീസ് പറഞ്ഞു. സംഭവ സമയത്ത് മൈക്കിൾ മൊബൈൽ ഫോണിൽ പകർത്തിയ വീഡിയോ ദൃശ്യങ്ങളിലൂടെയാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. 12 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് മൈക്കിൾ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്.