 ജില്ലയിൽ 79 മദ്യവില്പന കേന്ദ്രങ്ങൾ

ആലപ്പുഴ: പറഞ്ഞു പറഞ്ഞ് പഴകിയ 'ആപ്പിന്' ഒടുവിൽ അർത്ഥതലമായതോടെ ജില്ലയിലെ 79 'ലഹരി വാതിലു'കൾ മദ്യപർക്കായി ഇന്ന് മലർക്കെ തുറക്കും. അപ്രതീക്ഷിതമായി കൊട്ടിയടയ്ക്കപ്പെട്ട തങ്ങളുടെ സ്വന്തം 'സ്ഥാപന'ങ്ങൾക്കു മുന്നിലേക്ക് ഇന്ന് ആരാധനയോടെ ആളൊഴുകുമെന്നുറപ്പ്. സ്കൂൾ പ്രവേശനോത്സവം ഇനിയും വൈകവേ, അക്ഷരാർത്ഥത്തിൽ മറ്റൊരു പ്രവേശനോത്സവത്തിനാണ് അര‌ങ്ങുണരുന്നത്. രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചുവരെ മദ്യം ലഭിക്കും. പക്ഷെ ആപ്പിലെ ക്യൂവിൽ എത്തിപ്പെടുക എന്നതാണ് മദ്യപരെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളി.

ബെവ്കോയുടെയും കൺസ്യൂമർഫെഡിന്റെയും ചില്ലറവില്പന ശാലകൾക്ക് മുന്നിൽ ബാരിക്കേഡ് അടക്കമുള്ള സംവിധാനങ്ങൾ ദിവസങ്ങൾക്കു മുമ്പുതന്നെ സജ്ജമാക്കി.ബെവ്കോയുടെ ആപ്പ് എന്ന പേരിൽ പല അപരന്മാരും ഇന്നലെ പലപ്പോഴായി മദ്യപരെ പറ്റിച്ചു. എത്ര പരിശ്രമിച്ചിട്ടും പലർക്കും അകത്തേക്ക് കടന്നുകൂടാനായില്ല. ഇതെല്ലാം വ്യാജമയിരുന്നുവെന്ന് പിന്നീടാണ് പലർക്കും മനസിലായത്.

ബെവ്കോ, കൺസ്യൂമർഫെഡ് ചില്ലറ വില്പന ശാലകളും ബാറുകളും വഴിയാവും ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും വിദേശ നിർമ്മിത വിദേശ മദ്യവും കിട്ടുക. ഇവിടങ്ങൾക്ക് പുറമെ ബിയർ-വൈൻ പാർലറുകളിൽ നിന്നു ബിയറും വൈനും പാഴ്സലായി കിട്ടും. ഒരു സ്ഥലത്തും ഇരുന്നു കഴിക്കാൻ ആഗ്രഹിക്കരുതെന്നു മാത്രം.

 സ്റ്രോക്കിൽ പേടിവേണ്ട

തുറക്കുന്ന ദിവസം വിൽക്കാനുള്ള മദ്യം എന്തായാലും എല്ലായിടത്തും സ്റ്റോക്കുണ്ട്.ആലപ്പുഴയിലെ ബെവ്കോ വെയർഹൗസിൽ നിന്ന് ആവശ്യാനുസരണം ലോഡ് എത്തിക്കാനും സൗകര്യമുണ്ട്.ജില്ലയുടെ തെക്കൻ ഭാഗമായ ഹരിപ്പാട് വരെയുള്ള ചില്ലറ വില്പന ശാലകളിലേക്ക് ലോഡ് എത്തുന്നത് ആലപ്പുഴ വെയർഹൗസിൽ നിന്നാണ്. കായംകുളം മുതൽ കിഴക്കോട്ടുള്ള ഷോപ്പുകളിലേക്ക് തിരുവല്ല വെയർഹൗസിൽ നിന്നും. എന്നാൽ ബാറുകൾക്ക് ഇങ്ങനെ പരിധിയില്ല. ഏത് വെയർഹൗസ് ഗോഡൗണിൽ നിന്നും ലോഡിറക്കാം.ബാറുകൾക്കും ചില്ലറവില്പന ശാലകൾക്കും പുറമെ ക്ളബ്ബുകൾക്കും പ്രവർത്തിക്കാൻ അനുമതി ഉണ്ടെങ്കിലും ഇന്നലെ വൈകും വരെ എക്സൈസ് അധികൃതർക്ക് ഇതിനുള്ള ഉത്തരവ് കിട്ടിയിട്ടില്ല.ഇതിന് മാറ്റമില്ലെങ്കിൽ ആലപ്പുഴ നഗരത്തിലെ രണ്ട് ക്ളബ്ബുകളും പ്രവർത്തിക്കാൻ ഇടയില്ല.

..................................

# ജില്ലയിലെ വില്പന കേന്ദ്രങ്ങൾ

 ബെവ്കോ ഷോപ്പുകൾ:20

 കൺസ്യൂമർഫെഡ്: 2

 ബാറുകൾ: 38

 ബിയർ-വൈൻ പാർലർ: 19