രോഗം കൂടുതൽ അബുദാബിയിൽ നിന്നുള്ളവർക്ക്
ആലപ്പുഴ: ജില്ലയിൽ ഇന്നലെ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഏഴു പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 28 ആയി. ഒരാൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. ഇതിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി രോഗവിമുക്തയായി.
നാലു പേർ വിദേശത്തു നിന്നും മൂന്നു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ജില്ലയിൽ അബുദാബിയിൽ നിന്ന് വരുന്നവരിലാണ് കൊവിഡ് കൂടുതലായി സ്ഥിരീകരിക്കുന്നത്.
10ന് ചെന്നൈയിൽ നിന്ന് - ആലപ്പുഴയിലേക്ക് സ്വകാര്യ വാഹനത്തിലെത്തിയ മാവേലിക്കര താലൂക്ക് സ്വദേശിയായ യുവതിക്കും 18ന് മുംബയിൽ നിന്ന് ട്രെയിൻ മാർഗം കൊച്ചിയിലെത്തിയ ചേർത്തല സ്വദേശിയായ യുവാവിനും അന്ന് തന്നെ അബുദാബി- കൊച്ചി വിമാനത്തിൽ എത്തിയ കാർത്തികപ്പള്ളി താലൂക്ക് സ്വദേശികളായ രണ്ടു പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. 20ന് അബുദാബിയിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയ അമ്പലപ്പുഴ താലൂക്ക് സ്വദേശിയായ യുവാവാണ് കൊവിഡ് സ്ഥിരീകരിച്ച നാലാമൻ.
17ന് അബുദാബി - കൊച്ചി വിമാനത്തിലെത്തിയ ചെങ്ങന്നൂർ താലൂക്ക് സ്വദേശിയായ യുവാവിനും 21ന് മുംബയ് - കൊച്ചി ട്രെയിനിലെത്തിയ കുട്ടനാട് താലൂക്ക് സ്വദേശിയായ യുവതിക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.ചെന്നൈയിൽ നിന്നെത്തിയ യുവതി കൊവിഡ് കെയർ സെന്ററിലും മുംബയിൽ നിന്നെത്തിയ യുവതി വീട്ടിലും നിരീക്ഷണത്തിലായിരുന്നു. മുംബയിൽ നിന്നും സ്വകാര്യ വാഹനത്തിൽ വീട്ടിലെത്തിയ ചേർത്തല സ്വദേശി ഹോം ക്വാറന്റൈനിലായിരുന്നു. വിദേശത്ത് നിന്ന് എത്തിയവർ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു.
നിരീക്ഷണത്തിൽ 4453 പേർ
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിലുള്ളത് 4453 പേരാണ്. 28 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 26 ഉം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ രണ്ടുപേരുമുണ്ട്. ഇന്നലെ ഫലമറിഞ്ഞ 2391 സാമ്പിളുകളിൽ 28 ഒഴികെ മറ്റെല്ലാം സാമ്പിളുകളും നെഗറ്റീവാണ്.