ആലപ്പുഴയിലെ കളക്ടർമാർക്ക് അടിക്കടി മാറ്റം
ആലപ്പുഴ: കളക്ടർമാർക്ക് കസേര ഉറയ്ക്കാത്ത ആലപ്പുഴയിൽ കഴിഞ്ഞ നാലുവർഷത്തിനിടെ ജില്ലാഭരണകൂടത്തിന് നേതൃത്വം നൽകിയത് അഞ്ച് വനിതകൾ ഉൾപ്പെടെ എട്ട് കളക്ടർമാർ. ജില്ല രൂപീകരിച്ച 63 വർഷത്തിനിടെ ജില്ലയിൽ എത്തുന്ന അൻപത്തിമൂന്നാമത്തെ ആളാണ് പുതിയ കളക്ടർ അലക്സാണ്ടർ. നാലുവർഷത്തിനിടയിലെ എത്തുന്ന എട്ടാമനും.
2016 ഫെബ്രുവരി 20ന് സ്ഥലം മാറിയ ഡോ. എൻ.പദ്മകുമാറിന് പകരമായി എത്തിയ ആർ.ഗിരിജ ആറുമാസത്തിന് ശേഷം 2016 ആഗസ്റ്റ് 16ന് സ്ഥാനമൊഒഴിഞ്ഞു. തൊട്ടടുത്ത ദിവസം ചുമതലയേറ്റത് വീണ എൻ.മാധവൻ ആയിരുന്നു. ഇവർ 2017 ആഗസ്റ്റ് 23ന് മാറി. ഭക്ഷ്യസുരക്ഷാ കമ്മിഷണർ ആയിരുന്ന ടി.വി.അനുപമ പകരക്കാരിയായി 2017 ആഗസ്റ്റ് 29ന് ചുമതലേറ്റു. മുൻമന്ത്രി തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട് അനുപമ കോടതിയിൽ നൽകിയ റിപ്പോർട്ട് ഏറേ വിവാദമായി. കളക്ടറുടെ റിപ്പോട്ടിന്റെ അടിസ്ഥാനത്തിൽ കോടതി മന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. കോടതി പരാമർശത്തിന്റെ അടിസ്ഥാനത്തിൽ തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവെച്ചു. വൈകാതെ 2018 ജൂൺ ആറിന് ആലപ്പുഴയിൽ നിന്ന് അനുപമയെ തൃശൂർ കളക്ടറായി നിയമിച്ചു.
തൊട്ടടുത്ത ദിവസം ജില്ലയുടെ 50-ാമത്തെ കളക്ടറായി എസ്.സുഹാസ് ചുമതലയേറ്റു. രണ്ട് പ്രളയകാലത്ത് ജില്ലയ്ക്ക് നേതൃത്വം നൽകിയ സുഹാസിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി. 378ദിവസം ജില്ലയുടെ ചുമതല വഹിച്ച സുഹാസിനെ 2019 ജൂൺ 19ന് എറണാകുളം കളക്ടറായി മാറ്റി നിയമിച്ചു. മലപ്പുറം കളക്ടറായിരുന്ന ഡോ. അദീല അബ്ദുള്ള ജൂൺ 20ന് കളക്ടറായി ചുമതലയേറ്റു. ആറുമാസമേ ആലപ്പുഴയിൽ അവസരമുണ്ടായുള്ളു. കായംകുളത്ത് ക്രിസ്ത്യൻ സഭകൾ തമ്മിലുള്ള തർക്കത്തിൽ എടുത്ത നിലപാട് വിനയായി. 2019 നവംബറിൽ അദീല അബ്ദുള്ളയെ വയനാട് കളക്ടറായി നിയമിച്ചതോടെ ജില്ലയുടെ 52-ാം കളക്ടറായി എം.അഞ്ജന ചുമതലയേറ്റു. തോട്ടപ്പള്ളി പൊഴിമുഖത്തെ കാറ്റാടി മരങ്ങൾ വെട്ടുന്നതിനെതിരെ പ്രതിഷേധം ഉയർന്നെങ്കിലും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ച് തോട്ടപ്പള്ളി സ്പിൽവേയുടെ ആഴം വർദ്ധിപ്പിക്കുന്ന ജോലികൾക്ക് നേതൃത്വം നൽകി വരികയായിരുന്നു. എട്ടുമാസം കഴിയും മുമ്പെ അഞ്ജനയെ കോട്ടയം കളക്ടറായി നിയമിച്ചു. മുൻലേബർ കമ്മിഷണറാണ് പുതിയ കളക്ടർ അലക്സാണ്ടർ.