അവഗണനയി​ൽ സ്കൂൾ പാചകത്തൊഴിലാളികൾ

ആലപ്പുഴ: കോരന് കുമ്പി​ളി​ൽ തന്നെ കഞ്ഞി​ എന്ന പോലെയാണ് സ്കൂൾ പാചക ത്തൊഴി​ലാളി​കളുടെ അവസ്ഥ. കരി​യും പുകയുമേറ്റ് യാതൊരു ആനുകൂല്യങ്ങളുമി​ല്ലാതെ എണ്ണി​ച്ചുട്ട അപ്പം പോലെ ലഭി​ക്കുന്ന ശമ്പളം ഒന്നി​നും തി​കയി​ല്ല. കൊവി​ഡ് എത്തി​യതോടെ ഇവരുടെ സ്ഥി​തി​ കൂടുതൽ ബുദ്ധി​മുട്ടി​ലായി​.

സംസ്ഥാനത്തെ ആയിരക്കണക്കിന് സ്കൂൾ പാചക തൊഴിലാളികളാണ് കൊവിഡ് കാലത്തും യാതൊരു ആനുകൂല്യത്തിനും അർഹരല്ലാതെ നട്ടംതിരിയുന്നത്. വേനലവധിക്കാലമായ ഏപ്രിൽ, മേയ് മാസങ്ങളിൽ രണ്ടായിരം രൂപ അലവൻസ് ലഭിക്കാറുണ്ട്. മേയ് അവസാനിക്കുമ്പോഴും ഏപ്രിലിലെ പണം ലഭ്യമായിട്ടില്ല. ആകെ നാല് അദ്ധ്യയന ദിവസങ്ങൾ മാത്രമുണ്ടായിരുന്ന മാർച്ച് മാസത്തിൽ 22 ദിവസത്തെയും വേതനം നൽകി സഹായിച്ചതാണ് ഇക്കാലയളവിൽ സർക്കാരിൽ നിന്ന് ലഭിച്ച ആകെ സഹായമെന്ന് പാചക തൊഴിലാളികൾ പറയുന്നു.

എൽ.ഡി.എഫ് സർക്കാരിന്റെ രണ്ട് ബഡ്ജറ്റുകളിൽ തൊഴിലാളികളുടെ വേതന നിരക്കിനെക്കുറിച്ച് പരാമർശങ്ങളുണ്ടായിരുന്നെങ്കിലും ഒന്നും യാഥാർത്ഥ്യമായില്ല. പാചകവും പാത്രം കഴുകലുമടക്കം എല്ലാ ജോലികളും ഒറ്റയ്ക്ക് ചെയ്യേണ്ടിവരുന്ന തൊഴിലാളിക്ക് നിലവിൽ അഞ്ഞൂറ് രൂപയാണ് പ്രതിദിന വേതനം. 300 വിദ്യാർത്ഥികളിൽ കൂടുതലുള്ള സ്കൂളുകളിൽ രണ്ട് പാചകത്തൊഴിലാളികളെ നിയമിക്കാം. അല്ലാത്ത സ്ഥലങ്ങളിൽ എല്ലാ ജോലികളും ഉച്ചയ്ക്ക് 12 മണിക്കുള്ളിൽ ഒറ്റയ്ക്ക് തീർക്കണം. അസുഖമെന്തെങ്കി​ലും വന്നാൽ അവധി എടുക്കണമെങ്കിൽ പകരം ആളെ കണ്ടെത്തി നൽകണം. കഷ്ടകാലത്തിന് അവധിയോ പഠിപ്പ് മുടക്കോ വന്നാൽ അന്നത്തെ വേതനം നഷ്ടമാകും. സർക്കാരിന്റെ കണക്കിൽ സന്നദ്ധ സേവകരായാണ് പാചകത്തൊഴിലാളികളെ കണക്കാക്കിയിരിക്കുന്നത്. അതിനാൽ തന്നെ എത്ര കരിയും പുകയും കൊണ്ടാലും പി.എഫ്, ഇ.എസ്.ഐ തുടങ്ങിയ ആനുകൂല്യങ്ങൾക്ക് ഇവർക്ക് അർഹതയില്ല. പിരിഞ്ഞുപോകുമ്പോൾ വണ്ടിക്കാശിന് പോലും നയാപൈസ ലഭിക്കില്ലെന്ന തിരിച്ചറിവോടെയാണ് ഓരോ തൊഴിലാളിയും കുഞ്ഞുങ്ങളുടെ വിശപ്പടക്കാൻ കഷ്ടപ്പെടുന്നത്.

......................

300

300 വിദ്യാർത്ഥികളിൽ കൂടുതലുള്ള സ്കൂളുകളിൽ രണ്ട് പാചകത്തൊഴിലാളികളെ നിയമിക്കാം.

500

പാചകത്തൊഴിലാളിയുടെ പ്രതിദിന വേതനം 500 രൂപ

ഏപ്രി​ലി​ലെ അലവൻസ് ഇതുവരെ ലഭി​ച്ചി​ട്ടി​ല്ല. മാർച്ച് മാസത്തെ വേതനം ലഭി​ച്ചി​രുന്നു. കൊവി​ഡ് കാലത്ത് ഞങ്ങൾക്ക് യാതൊരു ആനുകൂല്യവും ലഭി​ച്ചി​ട്ടി​ല്ല.

പാചകത്തൊഴി​ലാളി​

..................

സ്കൂളിൽ നൂൺ മീൽ കമ്മി​റ്റിയുണ്ട്. ഓരോ മാസവും സ്കൂളിൽ ആകെയുള്ള അദ്ധ്യയന ദിനങ്ങൾ കണക്കാക്കുന്നു. ആ ദിനങ്ങളുടെ എണ്ണത്തെ തുക കൊണ്ടു ഗുണിച്ച് ആണ് ആ മാസം നലകാനുള്ള വേതനം കണക്കാക്കുന്നത്. മുമ്പ് കഞ്ഞിയും പയറും എന്ന രീതിയായിരുന്നെങ്കിൽ, ഇന്ന് മൂന്ന് കൂട്ടം കറിയുൾപ്പടെയാണ് ദിവസവും തയാറാക്കേണ്ടത്. ആഹാരം വൃത്തിയായി പാകം ചെയ്ത് വിതരണം ചെയ്യാനായി പാത്രത്തിലാക്കി അടച്ചു വയ്ക്കണം. അതിനുശേഷം സ്കൂളിലെ അദ്ധ്യാപകർ കൂട്ടായി വേണം വിതരണം ചെയ്യാൻ. ഭക്ഷണം ഉണ്ടാക്കിയ പാത്രങ്ങൾ പാചകത്തൊഴിലാളി കഴുകി വൃത്തിയാക്കി വയ്ക്കണം. കയ്യുറയും ഏപ്രണും ധരിക്കണം.

..................

''യാതൊരു ആനുകൂല്യവും ലഭിക്കാത്ത വിഭാഗമാണ് സ്കൂൾ പാചക തൊഴിലാളികൾ. ബഡ്ജറ്റിൽ പ്രഖ്യാപിച്ച് വേതന വർദ്ധന നടപ്പിലാക്കാനും തൊഴിലാളികളെ സ്ഥിരമാക്കാനും സർക്കാർ തയാറാവണം''

- സുരേഷ് സൂര്യമംഗലം, സ്കൂൾ പാചക തൊഴിലാളി യൂണിയൻ ( എ.ഐ.ടി.യു.സി ) ജില്ലാ പ്രസിഡന്റ്

..................