ആലപ്പുഴ: ടെൻഡർ നടപടികൾ പൂർത്തിയാകുന്നതിന് മുൻപ് അനുമതി ഇല്ലാതെ തിരുവമ്പാടി ഗവ.യുപി സ്കൂൾ കെട്ടിടം പൊളിച്ചതുമായി ബന്ധപ്പെട്ട് ഹെഡ്മിസ്ട്രസിന്റെ വിശദീകരണം തേടുമെന്ന് നഗരസഭ എൻജിനീയർ ആർ. അനിൽകുമാർ പറഞ്ഞു.
സർക്കാർ നിശ്ചയിച്ചതിലും അധികം തുകയ്ക്കാണ്കെട്ടിടം പൊളിക്കാൻ കരാറുകാർ ടെൻഡർ നൽകിയത്. അന്തിമ തീരുമാനം അടുത്ത കൗൺസിൽ യോഗത്തിലുണ്ടാവും. സ്കൂളിലെ രണ്ട് കെട്ടിടങ്ങൾ പൊളിക്കാനാണ് ടെൻഡർ ക്ഷണിച്ചത്. ഇതിനിടെ അനുമതി ഇല്ലാതെ ഒരു കെട്ടിടം പൊളിച്ചു നീക്കിയ സ്കൂൾ അധികൃതരുടെ നടപടി വിവാദമായി. സംഭവത്തിൽ നഗരസഭ പൊലീസിൽ പരാതി നൽകിയെങ്കിലും കേസ് രജിസ്റ്റർ ചെയ്തില്ല. ഇന്നലെയാണ് ടെൻഡർ പൊട്ടിച്ചത്. കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ കെട്ടിടം മഴയത്ത് നിലംപൊത്തുമെന്ന അവസ്ഥയിലായതിനാലാണ് പൊളിച്ചതെന്ന് പി.ടി.എ ഭാരവാഹികൾ പറഞ്ഞു.