ചേർത്തല:വാരനാട് യുണൈറ്റഡ് സ്പിരിറ്റ്സ് കമ്പനിയിൽ (മക്ഡവൽ) ജോലിയ്ക്ക് നിയോഗിച്ചിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥരെ പിൻവലിച്ച് ജില്ലയുടെ വിവിധ ഓഫീസുകളിൽ പുനർ വിന്യസിക്കാൻ കമ്മിഷണറുടെ നിർദ്ദേശം.
ഒന്നു വീതം സി.ഐ, ഇൻസ്‌പെക്ടർ, 4 പ്രിവന്റീവ് ഓഫീസർമാർ,10 സിവിൽ എക്‌സൈസ് ഓഫീസർമാർ എന്നിവരാണ് ഇവിടെ ജോലിയിലുണ്ടായിരുന്നത്. കമ്പനിയിൽ ഉത്പാദനം നിലച്ചിട്ട് 5 വർഷത്തോളമായെങ്കിലും ലൈസൻസ് നിലനിൽക്കുന്നതിനാൽ എക്‌സൈസ് വിഭാഗം സ്ഥിരമായി ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇക്കാലമത്രയും എക്‌സൈസിന് ശമ്പളം നൽകിയത് കമ്പനിയിൽ നിന്നാണ്. ഉത്പാദനം നിലച്ചെങ്കിലും ലൈസൻസ് പുതുക്കി എക്‌സൈസിന് കമ്പനി ശമ്പളം നൽകുകയായിരുന്നു. ഇത് ഇനി നൽകാനാകില്ലെന്ന് കമ്പനി അറിയിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെ പിൻവലിച്ചതെന്ന് ഡെപ്യൂട്ടി കമ്മിഷണർപറഞ്ഞു.ഏപ്രിൽ മുതൽ കമ്പനിക്ക് ലൈസൻസ് പുതുക്കി നൽകിയിട്ടില്ല.എന്നാൽ ലൈസൻസ് പുതുക്കി നൽകണമെന്ന് ആവശ്യപ്പെട്ട് കമ്പനി സർക്കാരിനെയും കോടതിയേയും സമീപിച്ചിരിക്കുകയാണ്. 99 വർഷത്തേക്ക് പാട്ടത്തിനെടുത്ത് മദ്യ നിർമ്മാണം നടത്താനാണ് കമ്പനിക്ക് സർക്കാർ വക സ്ഥലം നൽകിയത്.
ഉദ്യോഗാർത്ഥികൾക്ക് ഭീഷണി
ജില്ലയിൽ നിലവിൽ സിവിൽ എക്സൈസ് റാങ്ക് ലിസ്റ്റിൽ നിയമനം കാത്ത് 197 പേരുണ്ട്.ഇതുവരെ ആറുപേർക്ക് മാത്രമാണ് നിയമന ഉത്തരവ് ലഭിച്ചിട്ടുള്ളത്.കഴിഞ്ഞ ഏപ്രിൽ 7ന് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞെങ്കിലും കൊവിഡിന്റെ ഭാഗമായി ജൂൺ 19 വരെ കലാവധി നീട്ടി നൽകിയിട്ടുണ്ട്.യുണൈറ്റഡ് സ്പിരിറ്റ്സ് കമ്പനിയിൽ നിന്ന് തിരിച്ചുപോരുന്ന ഉദ്യോഗസ്ഥരെ നിയമിക്കാൻ നിലവിൽ ജില്ലയിൽ ഒഴിവുകൾ ഇല്ലാത്ത സാഹചര്യമാണ്. സൂപ്പർ ന്യൂമറി തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്താനാണ് നീക്കം. കമ്മിഷണറുടെ ഉത്തരവിൽ റിട്ടയർമെന്റ് ഒഴിവുകൾ പി.എസ്.സിയിൽ റിപ്പോർട്ട് ചെയ്യേണ്ടെന്നും നിർദ്ദേശിച്ചിട്ടുണ്ട്.