മാവേലിക്കര: സാമ്പത്തിക പ്രതിസന്ധിയുടെ മറവിൽ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ വിളക്കുകളും ഓട്ടു പാത്രങ്ങളും ലേലം ചെയ്ത് വിൽക്കാനും ക്ഷേത്രം ഭൂമി സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിന് നൽകി അന്യാധീനപ്പെടുത്താനും സപ്താഹം, നവാഹം തുടങ്ങിയ ക്ഷേത്രങ്ങളിൽ നൂറ്റാണ്ടുകളായി നടക്കുന്ന ആചാരങ്ങൾ നിറുത്തലാക്കാനുമുള്ള നീക്കത്തിൽ നിന്ന് തിരുവതാംകുർ ദേവസ്വം ബോർഡ് പിൻമാറണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് പാറ്റൂർ സുദർശനൻ ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി മാവേലിക്കര ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ ഓഫീസ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാവേലിക്കര നഗരസഭ പ്രസിഡന്റ് കെ.മുരളി അദ്ധ്യക്ഷനായി. സംസ്ഥാന സഹ സംഘടന സെക്രട്ടറി വി.സുശികുമാർ, ജില്ലാ വൈസ് പ്രസിഡന്റ് രാമചന്ദ്രൻ സ്വാമി, താലൂക്ക് ജനറൽ സെക്രട്ടറി പി.സൂര്യകുമാർ, നഗരസഭ ജനറൽ സെക്രട്ടറി വി.മനോജ്, സെക്രട്ടറി പി.അശോകൻ, ഭരണിക്കാവ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ദിനേശൻ കട്ടച്ചിറ, ജനറൽ സെക്രട്ടറി മങ്കുഴി രജീഷ് എന്നിവർ സംസാരിച്ചു.