ഹരിപ്പാട്: പഞ്ചായത്ത് ഭരണസമിതിയുമായി ഇടഞ്ഞു നിൽക്കുന്ന വനിതാ സെക്രട്ടറിയെ 'പറപ്പിച്ച' മുതുകുളം പഞ്ചായത്ത് ഭരണനേതൃത്വത്തിന് നിലവിൽ രണ്ടു സെക്രട്ടറിമാരെ ചുമക്കേണ്ട അവസ്ഥ! സ്റ്റലംമാറ്റ ഉത്തരവിന് സ്റ്റേ വാങ്ങിയ വനിതാ സെക്രട്ടറി തിരിച്ചെത്തിയപ്പോൾ, ഇവർക്കു പകരം നിയമനം ലഭിച്ച സെക്രട്ടറിയെ എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ. എന്തായാലും രണ്ടുപേരും പഞ്ചായത്തിൽത്തന്നെ തുടരുകയാണ്.

22നാണ് ഭരണസമിതിയുടെ പരാതിയെത്തുടർന്ന് പഞ്ചായത്ത് ഡയറക്ടറുടെ നിർദ്ദേശ പ്രകാരം സെക്രട്ടറി എൽ.ലതയെ ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലം മാറ്റിയത്. പകരം ഹരിപ്പാട് പെർഫോമൻസ് ഓഡിറ്റിംഗ് ജൂനിയർ സൂപ്രണ്ട് ആർ.ദിലീപ് കുമാറിന് പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല നൽകി നിയമിച്ചു. ബുധനാഴ്ച രാവിലെ ദിലീപ് കുമാർ ഓഫീസിൽ എത്തിയപ്പോഴാണ് സ്ഥലംമാറിപ്പോയ സെക്രട്ടറി ലത കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് വീണ്ടും ചാർജ്ജെടുത്ത വിവരം അറിയുന്നത്. ഇതിനു പകരം ഉത്തരവ് ലഭിക്കാത്തതിനാൽ ദിലീപ് കുമാറും പഞ്ചായത്തിൽ തന്നെ തുടരുകയായിരുന്നു. ഇരുവരും സുഭിക്ഷ കേരളം പദ്ധതിയുടെ പഞ്ചായത്തുതല യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു.

മുതുകുളത്ത് കുറച്ചു നാളുകളായി പഞ്ചായത്ത് ഭരണസമിതിയും സെക്രട്ടറിയും തമ്മിൽ ശീതസമരത്തിലാണ്. പ്രസിഡന്റ് ജെ.ദാസൻ ഉൾപ്പെടെ 10 അംഗങ്ങൾ സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. ഭരണസമിതിയോട് ആലോചിക്കാതെ തന്നിഷ്ട പ്രകാരമാണ് സെക്രട്ടറി കാര്യങ്ങൾ തീരുമാനിക്കുന്നതെന്നായിരുന്നു പ്രസിഡന്റിന്റെ പരാതി. കൃത്യ സമയത്ത് കമ്മിറ്റി കൂടാൻ പോലും കഴിയുന്നില്ലെന്നും ജെ.ദാസൻ പറഞ്ഞു. എന്നാൽ ഭരണസമിതിയോട് ആലോചിക്കേണ്ട കാര്യങ്ങൾ ആലോചിച്ചാണ് ചെയ്യുന്നതെന്നും മറിച്ചുളള ആരോപണങ്ങൾ തെറ്റാണെന്നും സെക്രട്ടറി ലത പറഞ്ഞു.