തുറവൂർ: അന്ധകാരനഴി പൊഴിമുഖത്തെ മണൽ പരമ്പരാഗത രീതിയിൽ എടുക്കാൻ തീരദേശ വാസികളായ തൊഴിലാളികളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ചേർത്തല മൈനർ ഇറിഗേഷൻ അസി.എക്സികൂട്ടീവ് എൻജിനീയർ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ചേർത്തല താലൂക്കിലെ ഒറ്റമശ്ശേരി മുതൽ എറണാകുളം ജില്ലയിലെ ചെല്ലാനം വരെയുള്ള തീരദേശ ഉൾനാടൻ പ്രദേശങ്ങളിൽ കാലവർഷം മൂലം ഉണ്ടാനിടയുള്ള പ്രളയ ദുരിതങ്ങൾ ഒഴിവാക്കാൻ അന്ധകാരനഴി ഷട്ടർ പൂർണ്ണമായി തുറക്കുക, മണൽവാരൽ തൊഴിലാളികൾക്ക് കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്പെഷ്യൽ പാക്കേജ് അനുവദിക്കുക, അന്ധകാരനഴി കായലിൽ എക്സ്പെർട്ട് കമ്മിറ്റിയെ നിയമിക്കുക, അന്ധകാരനഴി വടക്കെ പാലത്തിന്റെ നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ്ണ സംസ്ഥാന സെക്രട്ടറി ആർ.പൊന്നപ്പൻ ഉദ്ഘാടനം ചെയ്തു.വയലാർ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യു.കെ കൃഷ്ണൻ, വി.കെ. അംബർഷൻ,റെജി റാഫേൽ,പി.സി. സന്തോഷ്, എൻ. പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.