ആലപ്പുഴ: ലോക്ക് ഡൗൺ വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന കരകയറും മുമ്പേ രക്ഷിതാക്കളെ കാത്തിരിക്കുന്നത് പുതിയ വെല്ലുവിളി. കുട്ടികളുടെ ഓൺലൈൻ പഠന ചെലവാണിത്. ഒന്നിൽ കൂടുതൽ കുട്ടികൾ സി.ബി.എസ്.ഇ സ്കൂളുകളിൽ പഠിക്കുന്ന വീടുകളിൽ പഠനാവശ്യത്തിന് പുതിയ ലാപ്ടോപും ടാബും വാങ്ങേണ്ട സ്ഥിതിയാണ്. ഇന്റർനെറ്റ് കണക്ഷന്റെ ചെലവ് വേറെയും.
യാത്രാ വിലക്കിന് ഇളവുകൾ വന്നതോടെ മാതാപിതാക്കൾ ജോലിക്ക് പോയി തുടങ്ങി. ഇതോടെ വീട്ടിൽ ഒറ്റയ്ക്കാവുന്ന കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം അപകടങ്ങൾ ക്ഷണിച്ചുവരുത്തുമോയെന്ന ആശങ്കയും രക്ഷിതാക്കൾക്കുണ്ട്. കുട്ടികളിലെ ഫോൺ ഉപയോഗത്തിന് കടിഞ്ഞാണിട്ടിരുന്നവർ തന്നെ അവരുടെ കൈകളിലേക്ക് വിവിധ ഗാഡ്ജറ്റുകൾ എത്തിക്കുകയാണ്. താത്ക്കാലിക പഠനസൗകര്യത്തിനുവേണ്ടിയാണീ അധിക ചെലവ്. ഉപയോഗം കൂടിയതോടെ ഇന്റർനെറ്റ് പ്ലാൻ ഇനത്തിലും ധനനഷ്ടമാണ് രക്ഷിതാക്കൾ അനുഭവിക്കുന്നത്.
സർക്കാർ സ്കൂളുകളിൽ ജൂൺ ഒന്നുമുതലാണ് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വീടുകളിലെ കുട്ടികൾക്ക് പഠനം വെല്ലുവിളിയായതോടെ അവരെ സഹായിക്കാനുള്ള പദ്ധതികളും സർക്കാർ ആവിഷ്ക്കരിക്കുന്നുണ്ട്. വിവിധ പ്രദേശങ്ങളിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്യുന്നുണ്ട്. സാങ്കേതിക സൗകര്യങ്ങളില്ലാത്ത വിദ്യാർത്ഥികളുടെ ലിസ്റ്റ് ശേഖരിക്കാൻ വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നിർദേശം നൽകിയിരുന്നു. ഇവർക്ക് ലൈവ്, ഓൺലൈൻ ക്ലാസുകൾക്ക് പകരം വർക്ക് ഷീറ്റുകൾ എത്തിച്ചുനൽകുന്ന കാര്യവും പരിഗണനയിലാണ്.
പ്രതിസന്ധികൾ
പുതിയ ഗാഡ്ജറ്റുകൾക്ക് വേണ്ടി അധിക പണച്ചെലവ്
ഇന്റർനെറ്റ് പ്ലാൻ ചെലവ്
രക്ഷിതാക്കളുടെ മേൽനോട്ടം എല്ലാവർക്കും ലഭിക്കില്ല
ഇന്റർനെറ്റ് ദുരുപയോഗ സാധ്യത
വില
ടാബ് ലെറ്റ് : 3000 രൂപ മുതൽ
ലാപ്ടോപ് : 20000 രൂപ മുതൽ
''പ്രതിസന്ധിയിലായിരിക്കുന്ന സമയമാണ്. പണം വായ്പയ്ക്കെടുത്താണ് പുതിയ ഗാഡ്ജെറ്റ് വാങ്ങിയത്. '' -
ബാലചന്ദ്രൻ, രക്ഷിതാവ്