ആലപ്പുഴ: തിരുവമ്പാടി ഗവ. യു.പി സ്കൂളിന്റെ കെട്ടിടം പൊളിച്ചു മാറ്റിയതിനെച്ചൊല്ലി വിവാദം പുകയുന്നു. ഭരണ- പ്രതിപക്ഷത്തെ രണ്ട് കൗൺസിലർമാർ ഇടപെട്ട കേസായതോടെ നടപടിയെടുക്കാതെ പൊലീസും തപ്പിത്തടയുന്നു.
നഗരസഭയുടെ അനുമതിയില്ലാതെ കെട്ടിടം പൊളിച്ച് നീക്കിയ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ എൻജിനിയറും കേസ് എടുക്കേണ്ടെന്ന് നഗരസഭാ ചെയർമാനും നിലപമാടെടുത്തിരിക്കുകയാണെന്നറിയുന്നു. ലഭിച്ച പരാതിയിൽ അന്വേഷണം നടത്താൻ കഴിയാത്ത സ്ഥിതിയിലാണ് ആലപ്പുഴ സൗത്ത് പൊലീസ്.
സ്കൂൾ കെട്ടിടം പൊളിച്ച് മാറ്റുന്നതിനുള്ള ടെണ്ടർ പൊട്ടിക്കുന്നതിന് മുമ്പാണ് കൗൺസിലർമാർ ചേർന്ന് കെട്ടിടം പൊളിച്ചു നീക്കിയത്. കെട്ടിടത്തിന്റെ മേൽക്കൂരയിലെ വിലപിടിപ്പുള്ള തേക്കിൻ തടികളും കട്ടിളയും ജനലുകളും എടുത്തുമാറ്റി. ശേഷിക്കുന്ന ഭാഗം പൊളിച്ച് നീക്കരുതെന്ന് കാണിച്ച് സ്കൂൾ മേലധികാരിക്ക് സ്റ്റോപ്പ് മെമ്മോ നഗരസഭ എൻജിനിയർ ഇന്നലെ കൈമാറി. നഗരസഭയിലെ കോൺഗ്രസ്- സി.പി.എം കൂട്ടുകച്ചവടമാണ് സർക്കാർ സ്കൂൾ കെട്ടിടം അനുമതിയില്ലാതെ പൊളിച്ചതിലൂടെ വെളിവാകുന്നതെന്നാണ് ബി.ജെ.പിയുടെ ആരോപണം. 26നായിരുന്നു ഇ ടെണ്ടറിന്റെ അവസാന തീയതി. ഇതിന് മുമ്പ് തന്നെ കെട്ടിടത്തിന്റെ മേൽക്കൂര പൂർണ്ണമായി പൊളിച്ചു നീക്കി. ശേഷിച്ച ഭാഗം പൊളിക്കുന്നതിനിടെ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ടെൻഡർ നൽകിയ കരാറുകാരൻ സ്ഥലം കാണാനെത്തിയപ്പോഴാണ് കെട്ടിടം പൊളിച്ചത് നഗരസഭ അറിയുന്നത്.
ഓടിട്ട കെട്ടിടത്തിന് 1,59,684 രൂപയും 2004ൽ എസ്. രാമചന്ദ്രൻ പിള്ള എം.പിയുടെ പ്രദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി നിർമിച്ച ലാബ് കെട്ടിടത്തിന് 65,874 രൂപയും ആണ് ക്വട്ടേഷനിൽ പ്രസിദ്ധീകരിച്ചത്. നിസാര തുകയ്ക്ക് സ്‌കൂൾ കെട്ടിടം വിൽക്കാൻ തീരുമാനിച്ച അധികൃതരുടെ നടപടിക്കെതിരെ അഴിമതി നിയമപ്രകാരം കേസെടുക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
രണ്ടോ അഞ്ചോ, തർക്കം പുകയുന്നു
കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചു നീക്കാൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ ആവശ്യം അനുസരിച്ച് നഗരസഭ എൻജിനിയർ തയ്യാറാക്കിയ റിപ്പോർട്ടിൽ രണ്ട് ലക്ഷം രൂപയാണ് മതിപ്പ് വില നിശ്ചയിച്ചത്. എന്നാൽ അഞ്ച് ലക്ഷത്തിൽ അധികം രൂപയുടെ തടി മാത്രം വരുമെന്ന് കെട്ടിടം വാങ്ങാനെത്തിയ കരാറുകാർ പറഞ്ഞത്. സ്വന്തക്കാർക്ക് കരാർ തരപ്പെടുത്തി കൊടുക്കുന്നതിനായി രണ്ടു കൗൺസിലർമാർ തുടക്കംമുതലേ ശ്രമിച്ചിരുന്നു. ടെണ്ടറിൽ മറ്റാരെങ്കിലും കരാർ ഏറ്റെടുക്കുമെന്ന് മനസിലാക്കിയ കൗൺസിലർമാർ സ്കൂൾമാനേജ്മെന്റ് കമ്മിറ്റിയുടെ സഹായത്തോടെ നഗരസഭയുടെ അനുമതി വാങ്ങാതെ കെട്ടിടം പൊളിച്ചു നീക്കാൻ സഹായം ചെയ്തതായാണറിയുന്നത്.
''അപകടാവസ്ഥയിലായ കെട്ടിടം മഴയത്ത് നിലംപൊത്തുമെന്ന അവസ്ഥയായതിനാലാണ് പൊളിച്ചുമാറ്റിയത്
സ്‌കൂൾ പി.ടി.എ അധികൃതർ