ഹരിപ്പാട്: കടൽക്ഷോഭം മൂലം ഏറ്റവുമധികം ദുരിതമനുഭവിക്കുന്ന ആറാട്ടുപുഴ പഞ്ചായത്തിലെ തീരദേശജനതയെ സംരക്ഷിക്കാൻ അധികാരികൾ തയ്യാറാകണമെന്ന് എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. . പ്രദേശത്ത് കഴിഞ്ഞ കുറേ വർഷങ്ങളായി നിരവധി വീടുകളാണ് കടലെടുത്തത്. ഒരു ഏക്കറിലധികം സ്ഥലത്ത് കടൽ ക്ഷോഭത്താൽ തിരശോഷണം സംഭവിച്ചിട്ടുണ്ട്. നല്ലാണിക്കൽ, വട്ടച്ചാൽ, രാമഞ്ചേരി. പെരുമ്പള്ളി, തറയിൽ കടവ്, വലിയഴീക്കൽ, ആറാട്ടുപുഴ പ്രദേശങ്ങളിലാണ് കടൽക്ഷോഭം കൂടുതൽ. കടൽ ക്ഷോഭ സമയങ്ങളിൽ അധികാരികളുടെ മുൻപിൽ നിവേദനങ്ങളുമായി നാട്ടുകാർ എത്താറുണ്ടെങ്കിലും മൂന്ന് വർഷമായി ഒരു രൂപയുടെ തീരസംരക്ഷണ പ്രവർത്തനം പോലും പ്രദേശത്ത് നടന്നിട്ടില്ല.
പ്രഖ്യാപനങ്ങളും മോഹന വാഗ്ദാനങ്ങളും നടത്തി തീരദേശ ജനതയുടെ പ്രതിഷേധങ്ങളെ ഇല്ലാതാക്കാനാണ് അധികാരികളുടെ ശ്രമം.
വട്ടച്ചാൽ, നല്ലാണിക്കൽ പ്രദേശത്ത് ഇത്തവണയും കടൽ ക്ഷോഭത്തിൽ നിരവധി വീടുകൾ കടലെടുക്കാൻ സാധ്യത കൂടുതലാണ്. കടൽക്ഷോഭത്തിന് മുന്നോടിയായി 40 ലക്ഷം രൂപ അടിയന്തിര വർക്കിനായി അനുവദിച്ചു എന്ന് പ്രഖ്യാപനമുണ്ടായിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. കടൽ ക്ഷോഭത്തിന് ശാശ്വത പരിഹാരത്തിനായി പുലിമുട്ടോടുകൂടിയ കടൽഭിത്തി നിർമ്മിക്കണം. ആറാട്ടുപുഴയിലെ ജനങ്ങൾ അനുഭവിക്കുന്ന മറ്റൊരു ദുരിതം കിടത്തി ചികിത്സയുള്ള നല്ലൊരു ആശുപ്രതി ഇല്ലാത്തതാണ്. സുനാമി റിലീഫ് ഫണ്ടുകളിൽ കോടിക്കണക്കിന് രൂപ വന്നിട്ടും ആശുപത്രിക്കായി ഒന്നും ചെയ്തിട്ടില്ല. പെരുമ്പള്ളിയിൽ പ്രവർത്തനരഹിതമായി നിൽക്കുന്ന ക്ളസ്റ്റർ പ്രൊഡക്ഷൻ യൂണിറ്റും വ്യദ്ധ സദനവും ചേർത്ത് ആശുപ്രതിയായി ഉയർത്തണം. 2019 ഓഗസ്റ്റ് 7ന് ചേപ്പാട് യൂണിയന്റെ നേത്യത്വത്തിൽ കൂട്ടധർണ നടത്തിയിരുന്നു. എല്ലാ ഓഫീസുകളിലും നിവേദനം നൽകിയെങ്കിലും തീരസംരക്ഷണത്തിന് നടപടികൾ ഉണ്ടായിട്ടില്ല.
പരിഹാരനടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചില്ലെങ്കിൽ ശക്തമായ സമരമാർഗങ്ങൾ സ്വീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ, സെക്രട്ടറി എൻ.അശോകൻ, യൂണിയൻ കൗൺസിലർ എസ്.ജയറാം, ശാഖാ ഭാരവാഹികളായ എം.ദീപക്, കെ.രാജീവൻ എന്നിവർ പങ്കെടുത്തു.