ആലപ്പുഴ: പ്രളയത്തിന്റെ മറവിൽ തോട്ടപ്പള്ളി പൊഴിമുഖത്ത് നടത്തുന്ന കരിമണൽ ഖനനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തോട്ടപ്പള്ളിയിൽ പ്രതിഷേധ സമരം ശക്തമാകുന്നു. ജനകീയ സമരസമിതിയുടെ നേതൃത്വത്തിലുള്ള റിലേസത്യാഗ്രഹവും സി.പി.ഐയുടെ നേതൃത്വത്തിൽ ഖനന സ്ഥലത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി. ജനകീയ സമരസമിതിയുടെ നേതൃത്വത്തിലുള്ള റിലേ സത്യാഗ്രഹം രണ്ടാം ദിവസം പിന്നിട്ടു. സമിതി ജനറൽ കൺവീനർ കെ.പ്രദീപാണ് ഇന്നലെ സത്യാഗ്രഹം നടത്തിയത്. ഇന്നലത്തെ സത്യാഗ്രഹം ധീവരസഭാ ജനറൽ സെക്രട്ടറി വി.ദിനകരൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ, നേതാക്കളായ എൽ.പി.ജയചന്ദ്രൻ, കൊട്ടാരം ഉണ്ണികൃഷ്ണൻ, നവഭാരതവേദി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്കുമാർ എന്നിവർ സമരപന്തലിൽ എത്തി പി​ന്തുണ അറി​യി​ച്ചു. പുറക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികാന്ത് ഇന്ന് സത്യാഗ്രഹം അനുഷ്ടി​ക്കും. സി.പി.ഐ പല്ലന ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോട്ടപ്പള്ളിയിലെ ഖനന സ്ഥലത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി. കുമാരകോടി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് തോട്ടപ്പള്ളി പൊഴിമുഖത്ത് പൊലീസ് തടഞ്ഞു. ജില്ലയുടെ തീരത്ത് നിന്ന് പൊതുമേഖലയിലും സ്വകാര്യമേഖലയിലും സംയുക്തമേഖലയിൽ കരിമണൽ ഖനനം പാടില്ലെന്ന നിലപാടിൽ ഉറച്ച് നിന്നാണ് സമരം നടത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. കൊവിഡ് മാനദണ്ഡം പാലിച്ചാണ് പ്രതിഷേധ മാർച്ച് നടത്തിയത്. തുടർന്ന് നടന്ന യോഗം സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി.വി.രാജീവ് ഉദ്ഘാടനം ചെയ്തു. ഉമേഷ് ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിയൻ ബഷീർ, കെ.സുഗതൻ, കെ.എസ്.ബിലാൽ, കെ.എം.നൗഫൽ, മനീഷ്, തുടങ്ങിയവർ സംസാരിച്ചു.