ആലപ്പുഴ: ചായം പൂശിയും, മഷി വിതറിയും, കെട്ടിപ്പിടിച്ചും യാത്ര ചൊല്ലിയിരുന്ന പതിവ് കാഴ്ചകൾ സമ്മാനിക്കാതെ സാമൂഹിക അകലം പാലിച്ച് പത്താം ക്ലാസുകാർ ഇന്നലെ പരസ്പരം വിടചൊല്ലി. രണ്ട് മാസത്തെ ലോക്ക് ഡൗണിന് ശേഷം കണ്ടുമുട്ടിയപ്പോഴും മാസ്ക്കിനപ്പുറത്തേക്ക് പരസ്പരം മുഖം കാണാൻ പോലും സാധിക്കാത്ത ഇവർ പരിചിതമല്ലാത്ത സാഹചര്യങ്ങളിലൂടെയാണ് ശേഷിച്ച മൂന്നു പരീക്ഷകളും പൂ‌ർത്തിയാക്കിയത്. ഭൂരിഭാഗം വിദ്യാർത്ഥികളെയും രക്ഷിതാക്കളാണ് പരീക്ഷാകേന്ദ്രങ്ങളിലെത്തിച്ചത്. അകലം പാലിക്കാനുള്ള നി‌ർദേശങ്ങൾ അടിക്കടി വന്നിരുന്നതിനാൽ വിശേഷങ്ങൾ നേരിട്ട് പങ്കുവയ്ക്കാൻ പോലും സാധിച്ചില്ല. ഇന്നലെ പരീക്ഷ കഴിഞ്ഞിറങ്ങിയവർ പരസ്പരം നോക്കി യാത്ര പറഞ്ഞു. ചിലർ കരഞ്ഞു. ആശ്വസിപ്പിക്കാനെത്തിയവരെ അദ്ധ്യാപകരും രക്ഷിതാക്കളും സ്നേഹപൂ‌ർവം വിലക്കി. കൈ കൊടുത്ത് ആശംസ പറയാൻ സാധിച്ചില്ലെങ്കിലും വാട്സാപ്പ് പോലുള്ള സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി തങ്ങളുടെ സുഹൃത്ത് ബന്ധം സൂക്ഷിക്കുമെന്നാണ് വിദ്യാർത്ഥികളുടെ പക്ഷം. ഹയർസെക്കൻഡറി പരീക്ഷകൾ നാളെ അവസാനിക്കും.