 പുത്തൻ സ്റ്റോക്കില്ല, പഴയത് വാങ്ങാൻ ആളില്ല

ആലപ്പുഴ: പുത്തൻ ബാഗും കുടയുമായി പുതുമണം മാറാത്ത യൂണിഫോമുമിട്ട് വരുന്ന കൂട്ടുകാരെയും കൂട്ടി വിദ്യാലയങ്ങളിലേക്ക് ഗമയോടെ പോവേണ്ടിയിരുന്ന സൈക്കിളുകൾ ഒരടിപോലും അനങ്ങാതെ ഷോറൂമുകളിൽ ഇരിക്കാൻ തുടങ്ങിയിട്ട് രണ്ടു മാസത്തോളമാവുന്നു. പുതിയ സൈക്കിൾ എന്ന മക്കളുടെ ആഗ്രഹത്തിനു മുന്നിൽ സാമ്പത്തിക നിസഹായാവസ്ഥ വിവരിച്ച് വിഷമിക്കുകയാണ് മാതാപിതാക്കൾ. എന്തായാലും, മറ്റു മേഖലകളെയെന്ന പോലെ സൈക്കിൾ വിപണിയെയും നിശ്ചലാവസ്ഥയിലേക്ക് തള്ളിയിട്ടിരിക്കുകയാണ് കൊവിഡ്. സ്കൂൾ വിപണി ലക്ഷ്യമിട്ട് സൈക്കിൾ കടകൾ തുറക്കുന്നുണ്ടെങ്കിലും വാങ്ങാൻ ആളെത്തുന്നില്ല. വർഷത്തിൽ ഏറ്റവും കൂടുതൽ സൈക്കിളുകൾ വിറ്റുപോകുന്ന സമയമാണ് മേയ്, ജൂൺ മാസങ്ങൾ. മുമ്പ് ഹൈസ്കൂൾ തലമെത്തുമ്പോഴാണ് കുട്ടികൾക്ക് പുതിയ സൈക്കിളുകൾ വാങ്ങിയിരുന്നത്. പക്ഷേ, ഇപ്പോൾ യു.പി ക്ളാസുകാരും സൈക്കിളിലാണ് സ്കൂളിലെത്തുന്നത്; കൂടുതലും പെൺകുട്ടികൾ. വർഷാവർഷം ബ്രാൻഡഡ് കമ്പനികൾ മോഡലിലും സവിശേഷതകളിലും മാറ്റം വരുത്താറുണ്ട്. ഇത്തവണ ലോക്ക് ഡൗൺ മൂലം പുത്തൻ മോഡലുകൾ എത്തുമെന്ന പ്രതീക്ഷയില്ല. സാധാരണ മാർച്ചോടെ വ്യാപാര സ്ഥാപനങ്ങളിൽ പുത്തൻ സ്റ്റോക്ക് എത്താറുണ്ട്. നിലവിൽ പല കടകളിലും അവശേഷിക്കുന്ന പഴയ സ്റ്റോക്കാണ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. ........................................ സൈക്കിൾ വില: 2300- 7000 .......................................  വ്യായാമവും വ്യായാമത്തിനു കൂടി വിനിയോഗിക്കാൻ കഴിയും വിധമുള്ള സൈക്കിളുകളാണ് 90 ശതമാനം പേരും ആവശ്യപ്പെടുന്നതെന്ന് സൈക്കിൾ വ്യാപാരികൾ പറയുന്നു. 15000 രൂപ മുതലാണ് ഇത്തരം സൈക്കിളുകളുടെ വില ആരംഭിക്കുന്നത്. ജീവിതശൈലീ രോഗങ്ങളുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ആരോഗ്യവിദഗ്ദ്ധർ സൈക്ലിംഗ് വ്യായാമം നിർദേശിക്കാറുണ്ട്. ...............................  കാരിയർ വേണ്ട കാരിയറുകളില്ലാത്ത മോഡലുകളാണ് ഇപ്പോൾ സ്കൂൾ വിദ്യാർത്ഥികൾക്കു പ്രിയം. സ്പ്രിംഗ് ആക്ഷൻ ലഭിക്കുന്ന സസ്പെൻഷൻ ഷോക്കപ്പ്, അലുമിനിയം അലോയ് ബോഡിയുള്ള വെയിറ്റ്ലെസ് മോഡലുകൾ തുടങ്ങിയവയ്ക്കാണ് സ്കൂൾ വിപണിയിൽ ഏറ്റവും ഡിമാൻഡുള്ളത്. ......................................... പുതിയ സ്റ്റോക്കുകൾ എത്തുന്നില്ല. ഉപഭോക്താക്കൾ ആരും പഴയ സ്റ്റോക്കിൽ തൃപ്തരാവില്ല. സ്കൂൾ തുറക്കാൻ തീരുമാനമാകുന്ന മുറയ്ക്ക് വിപണിയിൽ ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷ (സൈക്കിൾ വ്യാപാരി)