ആലപ്പുഴ:ബുധനാഴ്ച രാത്രിയിൽ തുടങ്ങിയ അദ്ധ്വാനം, നേരം വെളുത്തപ്പോൾ ആപ്പിന്റെ കടമ്പ കടന്നു.രാവിലെ കാത്തുകെട്ടി കിടന്നും ക്യൂ നിന്നും വില്പനശാലയുടെ വാതിൽക്കലെത്തിയപ്പോൾ ക്യൂ.ആർ കോഡിന്റെ കള്ളക്കളി.പോരാടാൻ ഉറച്ചിറങ്ങിയിട്ട് പിന്മാറാനാവില്ലല്ലോ.സങ്കടമടക്കി ക്ഷമയോടെ നിന്നു.ഒടുവിൽ കിട്ടിയ കുപ്പിയുടെ കഴുത്തിന് പിടിച്ച് വിജയച്ചിരിയോടെ മടക്കം.

മദ്യവില്പനശാലകളിൽ നിന്ന് കുപ്പി വാങ്ങാൻ ഇന്നലെ പലരും പഠിച്ചത് മുഴുവൻ പയറ്റി.

ബെവ്കോ ആപ്പുവഴി ടോക്കൺ എടുക്കാനുള്ള പരിശ്രമം അർദ്ധരാത്രി മുതൽ മിക്കവരും തുടങ്ങി.ഫലം കണ്ടത് വെളുപ്പാൻ കാലത്ത്. ഏറ്റവും ആദ്യം ബുക്ക് ചെയ്തവർക്ക് ടോക്കൺ ഉറപ്പായി.പത്ത് മണിക്ക് ശേഷം ശ്രമിച്ച മിക്കവരും കളരിക്ക് പുറത്തും.മൊബൈൽ ഫോണുകളിൽ ഭാഗ്യം വട്ടത്തിൽ കറങ്ങിക്കൊണ്ടിരുന്നു.കറക്കം നിൽക്കാതെ ക്ഷമ നശിച്ചപ്പോൾ പലരും മൊബൈൽ ഓഫാക്കി അരിശം തീർത്തു.പൊതുവെ കരുതിയ പോലുള്ള വമ്പൻ വില്പനയൊന്നും നടന്നില്ല. മഴക്കാലമായിട്ടാവും ബീയർ-വൈൻ പാർലറുകൾക്ക് മുന്നിൽ വലിയ ക്യൂ കണ്ടില്ല.എന്നാൽ ബാറുകൾക്കും ചില്ലറവില്പനശാലകൾക്കും മുന്നിൽ രാവിലെ മുതൽ വൈകിട്ട് അഞ്ചുവരെ ഒരു പോലെ ക്യൂ നിന്നു.

ക്യു ആർ കോഡ് പി​ണങ്ങി​

മൊബൈലിലെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്താണ് മദ്യം നൽകേണ്ടത്.പക്ഷെ ഇന്നലെ ക്യൂ.ആർ കോഡ് വേണ്ടവിധം പ്രവർത്തിച്ചില്ല.ഒടുവിൽ ടോക്കണിലെ നമ്പർ വാങ്ങി സൂക്ഷിച്ചാണ് മദ്യം നൽകിയത്. വാങ്ങാനെത്തിയ ഭൂരിപക്ഷവും പരമാവധി ലഭിക്കുന്ന മൂന്ന് ലിറ്ററും വാങ്ങി.ഒന്നോ രണ്ടോ കുപ്പിയിലൊതുങ്ങിയവർ ചുരുക്കം.

അഞ്ചു കേന്ദ്രങ്ങൾ പ്രവർത്തിച്ചില്ല

ജില്ലയിൽ ആകെ 79 കേന്ദ്രങ്ങളിലാണ് മദ്യവില്പന അനുവദിച്ചിരുന്നത്. എന്നാൽ സാങ്കേതികമായ ചില തകരാറുകൾ കാരണം പല സ്ഥലത്തായി അഞ്ചു കേന്ദ്രങ്ങൾ തുറന്നില്ല.ആലപ്പുഴ നഗരത്തിൽ എല്ലാ ബാറുകളും ബീയർ-വൈൻ പാർലറുകളും പ്രവർത്തിച്ചു. ചുങ്കത്തുള്ള ബെവ്കോ വില്പനശാലയിൽ കൃത്യ സമയത്തു തന്നെ വില്പന തുടങ്ങി. വലിയ ക്യൂ രാവിലെ തന്നെ തുടങ്ങിയെങ്കിലും വേഗത്തിൽ ആൾക്കാർ മദ്യം വാങ്ങി മടങ്ങി. എന്നാൽ ബോട്ട് ജെട്ടിക്ക് സമീപമുള്ള കൺസ്യൂമർഫെഡിന്റെ ഷോപ്പിൽ രാവിലെ കുറെ സമയം വില്പന തടസപ്പെട്ടു.കമ്പ്യൂട്ടർ ബില്ലിംഗ് സംവിധാനം കേന്ദ്ര ഓഫീസുമായി ബന്ധിപ്പിക്കുന്നതിൽ വന്ന തടസമാണ് കാരണം.