ആലപ്പുഴ : ജില്ലാ കളക്ടർമാരുടെ അടിക്കടിയുളള സ്ഥലം മാ​റ്റം ജില്ലയുടെ വികസന പ്രവർത്തനങ്ങൾ തകിടം മറിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കു​റ്റപ്പെടുത്തി. ഒരു കളക്ടർ ജില്ലയിൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലും തുടരണമെന്നാണ് കീഴ് വഴക്കം. ജില്ലയുടെ ഭരണ നിർവ്വഹണം കാര്യക്ഷമമാക്കാൻ വേണ്ടിയാണിത്. എന്നാൽ നാല് വർഷത്തിനുളളിൽ ആറ് കളക്ടർമാരാണ് ജില്ലയിൽ വന്ന് പോയത്. എം .പിമാരുടെയും എം. എൽ. എ മാരുടെയും വികസന വികസനഫണ്ടുകൾ ചിലവഴിക്കുന്ന പ്രവർത്തനവും കളക്ടർമാരുടെ കീഴിലാണ് നടക്കുന്നത്. കളക്ടർമാർക്ക് കുറഞ്ഞത് രണ്ട് വർഷമെങ്കിലും ഒരു ജില്ലയുടെ ചുമതല വഹിക്കാനുളള നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.