ആലപ്പുഴ: കണിച്ചുകുളങ്ങരയിലെ കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ ചിലർ മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി പരാതി. പല വാഹനങ്ങളിലായി എത്തുന്നവർ നിരീക്ഷണത്തിലിരിക്കുന്നവരെ സന്ദർശിക്കുന്നതും, സാധനങ്ങൾ കൈമാറുന്നതും പതിവാണ്. കൂടാതെ കാണാനെത്തുന്നവർക്കൊപ്പം ഇവർ വാഹനത്തിൽ കയറി പുറത്ത് പോകുന്നതും സ്ഥിരം കാഴ്ച്ചയാണെന്ന് പ്രദേശവാസികൾ പറയുന്നു. മാസ്ക്ക് ധരിക്കാതെയാണ് പലരും പുറത്തിറങ്ങുന്നത്. നിരീക്ഷണ കേന്ദ്രത്തിന് സമീപം റേഷൻ കട പ്രവർത്തിക്കുന്നതിനാൽ ദിവസേന നിരവധി ആളുകൾ വന്നുപോകുന്ന പ്രദേശത്താണ് ഇത്തരത്തിൽ നിയമലംഘനം നടക്കുന്നത്. അധികൃതരെ അറിയിച്ചിട്ടും നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും ഭയപ്പാടോടെയാണ് കഴിയുന്നതെന്നും പ്രദേശവാസികൾ പറയുന്നു.