ആലപ്പുഴ: കയർ കോർപറേഷന് സുവർണ്ണജൂബിലി വർഷത്തിൽ നേട്ടങ്ങളുടെ തിളക്കം. 40-ൽപ്പരം വർഷങ്ങളായി സ്ഥാപനം അകപ്പെട്ടിരുന്ന സഞ്ചിത നഷ്ടത്തിൽ നിന്നും കരകയറിയതാണ് ഇതിൽ പ്രധാനം. 2019-20 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ഇതുവരെയുള്ള സഞ്ചിത നഷ്ടം പൂർണമായും നികത്തപ്പെടുകയും 12 ലക്ഷത്തിൽപ്പരം രൂപയുടെ പ്രായോഗിക ലാഭം നേടുകയും ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയന്റെയും കയർ മന്ത്രി ടി.എം.തോമസ് ഐസക്കിന്റെയും പിന്തുണയാണ് കയർ കോർപറേഷന്റെ നേട്ടത്തിനു പിന്നിലെന്ന് ചെയർമാൻ ടി.കെ.ദേവകുമാർ

പറഞ്ഞു.

ഈ സർക്കാർ അധികാരം ഏറ്റശേഷം കയർ മേഖലയ്ക്ക് പുത്തനുണർവാണ് കൈവന്നത്. നാല് വർഷങ്ങൾക്ക് മുൻപ് കയർ ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് വൻ ഇടിവുണ്ടായപ്പോൾ കയർ തൊഴിലാളികൾ മറ്റുതൊഴിൽ മേഖലകൾ തേടി പോകേണ്ട ഗതികേട് ഉണ്ടായി. എന്നാൽ സർക്കാരിന്റെ സമയോചിത ഇടപെടൽ മൂലം കയർ ഭൂവസ്ത്രത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നൂറു കോടി രൂപയ്ക്കുമേൽ ഓർഡറുകൾ ലഭിക്കുകയും, തറികൾ വീണ്ടും പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്തു. കൊവിഡ്-19 നെ ചെറുത്ത് നിറുത്തുന്നതിന് കയർ കോർപറേഷൻ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിട്ട്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയുമായി ചേർന്ന് പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് മെഡിസിനൽ മാറ്റ് രൂപകൽപ്പന ചെയ്തു .

--