ഹരിപ്പാട്: ശക്തമായ ഇടിമിന്നലിൽ വീടിനും വൈദ്യുത ഉപകരണങ്ങൾക്കും നാശനഷ്ടം. മുതുകുളം പന്ത്രണ്ടാം വാർഡ് കുരുമ്പകര ക്ഷേത്രത്തിനു സമീപം പുത്തൻപറമ്പിൽ പ്രശാന്ത് കുമാർ, ചേപ്പാട് പഞ്ചായത്ത്‌ മുട്ടം കൊച്ചുവീട്ടിൽ ജംഗ്ഷന് സമീപം കളപ്പുരയിൽ വീട്ടിൽ മോഹനൻ എന്നിവരുടെ വീടുകളി​ലാണ് കഴിഞ്ഞദിവസ രാത്രി നാശമുണ്ടായത്. വീടുകളുടെ ഭിത്തികളിൽ പൊട്ടൽ ഉണ്ടായി. മുറിക്കുള്ളിലെ സീലിംഗ്, ഇലക്ട്രിക് മീറ്റർ, മെയിൻ സ്വിച്ച് ഉൾപ്പെടെ വയറിംഗ് എന്നി​വ പൂർണമായും കത്തിനശി​ച്ചു. ടിവി, ഫ്രിഡ്ജ്, ഫാൻ തുടങ്ങിയ വൈദ്യുത ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പ്രശാന്ത് കുമാറിന്റെ വീടിന് സമീപത്തെ പുരയിടത്തിൽ നിന്ന തെങ്ങി​നും മി​ന്നലേറ്റു.