പൂച്ചാക്കൽ: വേദനയും ആശങ്കയും ഉള്ളി​ലൊതുക്കി​യാണ് സാഗിയും അനഘയും അർച്ചനയും പരീക്ഷയെഴുതി​യതെങ്കി​ലും ആശ്വാസവും ഇവരുടെ മുഖത്ത് തെളി​ഞ്ഞ് കാണാമായി​രുന്നു. പരീക്ഷണങ്ങളുടെ ജീവി​ത വഴി​യി​ൽ പ്ളസ്ടു പരീക്ഷയെന്ന കടമ്പ കടക്കുന്നത് ഇവർക്ക് വലി​യ ആശ്വാസമായി​.

കഴി​ഞ്ഞ മാർച്ചി​ൽ പൂച്ചാക്കലി​ൽ കാറപകടത്തി​ൽ പ്പെട്ടവരാണ് മൂവരും. ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർ സെക്കൻഡറി പ്ളസ് ടു വിദ്യാർത്ഥിനികളാണ് സാഗിയും അനഘയും. സാഗി വീട്ടിൽ നിന്നും യാത്ര ചെയ്തു വന്ന കാറിൽ ചാരിയിരുന്നും അനഘ സ്ട്രച്ചറിൽ ഇരുന്നുമാണ് പരീക്ഷയെഴുതി​യത്.

പാരലൽ കോളേജ് വിദ്യാർത്ഥിനിയായ അർച്ചന തൃച്ചാറ്റുകുളം എൻ.എസ്.എസ്.ഹയർ സെക്കൻഡറി സ്കൂളിലാണ് എഴുതിയത്.

ഗുരുതരമായി പരിക്കേറ്റ മറ്റൊരു വി​ദ്യാർത്ഥി​നി​ ചന്ദനയ്ക്ക്, ബുധനാഴ്ച ആംബുലൻസിൽ തന്നെ പരീക്ഷയെഴുതുവാൻ ശ്രീകണ്ഠേശ്വരം സ്കൂളിൽ സൗകര്യം ചെയ്തു കൊടുത്തിരുന്നു.

നാലുപേർക്കും ഇന്നും പരീക്ഷയുണ്ട്. കഴിഞ്ഞ മാർച്ച് 10 നായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന അച്ചനും മകനും കാറിൽ യാത്ര ചെയ്തിരുന്ന രണ്ടു പേരും നാല് വിദ്യാർത്ഥിനികളും ഉൾപ്പെടെ എട്ടുപേരാണ് അപകടത്തിൽപ്പെട്ടത്.