ആലപ്പുഴ: നഗരത്തിലെ എല്ലാ ഭവനങ്ങളിലും വിഷരഹിത പച്ചക്കറി കൃഷി നടപ്പിലാക്കാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. വിത്ത്, വളം, ജൈവകീടനാശിനി, സ്പ്രേ എന്നിവയും ഒരു വാർഡിൽ 100വീതം ഗ്രോബാഗും നൽകും. സർക്കാരിന്റെ സുഭിഷകേരളം പദ്മതിയിൽ ഉൾപ്പെടുത്തി തരിശ് ഭൂമി കൃഷിയോഗ്യമാക്കും. പുനർജനി പദ്ധതി പ്രകാരം ഒരു കോടി രൂപ ചെലവഴിച്ച് 107തോടുകൾ നവീകരിക്കും. ഷഡാമണി, റാണി തോടുകൾക്ക് 42ലക്ഷവും മറ്റ് 105തോടുകൾക്ക് 58ലക്ഷരൂപയുമാണ് നീക്കിവെച്ചിട്ടുള്ളത്. ടെണ്ടർ നടപടികൾ ഇന്ന് ആരംഭിക്കും. ആലപ്പുഴ നഗരസഭയിലെ 14പാടശേഖരങ്ങളിൽ 771ഹെക്ടർ നിലത്തെ നെല്ല് സംഭരിച്ച് നഗരസഭയുടെ സ്വന്തം ബ്രാൻഡിൽ അരി വിപണിയിൽ ഇറക്കും. നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ മുൻകൈ എടുത്താണ് പദ്ധതിക്ക് രൂപം നൽകിയത്. വിഷരഹിത പച്ചക്കറിയും അരിയും നഗരത്തിലെ ഭവനങ്ങളിൽ എത്തിക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ പറഞ്ഞു.