അമ്പലപ്പുഴ : അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ സുഹൃത്തുക്കൾ മദ്യലഹരിയിൽ ആശുപത്രിയിലെത്തി ബഹളമുണ്ടാക്കിയതായി പരാതി. പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തു. വാടയ്ക്കൽ അറപ്പപ്പൊഴി പാലത്തിൽ നിന്ന് നിയന്ത്രണം തെറ്റി മറിഞ്ഞ ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ യുവാവിന്റെ സുഹൃത്തുക്കളാണ് ഇന്നലെ വൈകിട്ട് ഏഴോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശ്യപത്രിയിൽ ബഹളമുണ്ടാക്കിയത്. കൊവിഡ് നിയന്ത്രണമുള്ളതിനാൽ സുഹൃത്തുക്കളിൽ രണ്ടുപേരെ മാത്രമേ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കാൻ സെക്യൂരിറ്റി ജീവനക്കാർ അനുവദിച്ചുള്ളൂ. തുടർന്നാണ് ഇവർ ജീവനക്കാരുമായി ബഹളമുണ്ടാക്കിയത്. വിവരമറിഞ്ഞെത്തിയ എയ്ഡ് പോസ്റ്റ് പൊലീസിനെ അക്രമിക്കാനും ഇവർ മുതിർന്നു. തുടർന്ന് അമ്പലപ്പുഴയിൽ നിന്ന് കൂടുതൽ പൊലീസ് എത്തിയതോടെ സംഘം രക്ഷപെട്ടു. സംഘാംഗങ്ങളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.