ph

കായംകുളം : നിഴൽ പോലെ ജീവിതത്തിൽ ഒപ്പമുണ്ടായിരുന്ന അച്ഛന്റെ കൈപിടിക്കാതെ ഇന്നലെ ഗോൾഡി ഗൗതം സ്കൂളിലെത്തി. മാറ്റിവച്ച പ്ളസ് ടു പരീക്ഷയെഴുതാൻ മനസിലെരിയുന്ന ദുഃഖമടക്കിയായിരുന്നു അവന്റെ വരവ്. പിതാവ് കണ്ടല്ലൂർ തെക്ക് കൊല്ലശ്ശേരിൽ കായൽവാരത്ത് കെ.ജി. സിദ്ധാർത്ഥന്റെ കൈപിടിച്ചാണ് മുൻ പരീക്ഷകളെഴുതാൻ അവൻ എത്തിയിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം സിദ്ധാർത്ഥൻ മരിച്ചതോടെ ഗോൾഡി ഗൗതത്തിന് നഷ്ടമായത് അച്ഛനെ മാത്രമല്ല.നല്ലൊരു കൂട്ടുകാരനെക്കൂടിയാണ്. ഡോക്ടർമാർ എഴുപത് ശതമാനം ബുദ്ധിമാന്ദ്യം സ്ഥിരീകരിച്ച അവന്റെ ജീവിതത്തിലെ എല്ലാം പ്രചോദനവും സിദ്ധാർത്ഥനായിരുന്നു. കുറവുകൾക്കിടയിലും മകനെ മികവിന്റെ പര്യായമാക്കാൻ സിദ്ധാർത്ഥൻ കഷ്ടപ്പെട്ടത് കുറച്ചൊന്നുമല്ല.

പ്ളസ് ടുവിന് ഉന്നത വിജയം നേടണമെന്ന പിതാവിന്റെ സ്വപ്നം സഫലമാക്കുവാൻ ഗോൾഡി സ്വയം പരീക്ഷയെഴുതാൻ തയ്യാറെടുക്കുകയായിരുന്നു. ഇന്നലെ രാവിലെ അമ്മയും ബി.എസ്.എൻ.എൽ ജീവനക്കാരിയുമായ അനിതാദേവിയുടെ അനുഗ്രഹത്തോടെ സഹോദരൻ കൽപ്പേഷ് ഗൗതത്തിനും പിതൃസഹോദരൻ പ്രതാപനും ഒപ്പമാണ് കായംകുളം ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ പരീക്ഷയ്ക്ക് എത്തിയത്. പ്രിൻസിപ്പൽ സജി ജോൺ, അദ്ധ്യാപകനായ ടി. മുനീർമോൻ,പി.ടി.എ പ്രസിഡന്റ് ബി.ബിജുമോൻ എന്നിവരുടെ നേതൃത്വത്തിൽ തെർമൽ സ്കാനിംഗ് നടത്തിയാണ് പരീക്ഷാ ഹാളിലേയ്ക്ക് പ്രവേശിപ്പിച്ചത്. ഒൻപതാം ക്ളാസ് വിദ്യാർത്ഥി ആദർശ് ആണ് പരീക്ഷ എഴുതാൻ സഹായിച്ചത്.

പ്ളസ് വണ്ണിന് 72 ശതമാനം മാർക്ക് ഗോൾഡി നേടിയിരുന്നു. ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തിൽ സ്വന്തമായി ചിട്ടപ്പെടുത്തിയ ശിവതാണ്ഡവം ആടിയ ഗോൾഡി പ്രശസ്തിയിലേയ്ക്ക് ഉയരുമ്പോൾ കൈയടി നേടിയത് പിതാവായ സിദ്ധാർത്ഥനായിരുന്നു. ബുദ്ധിമാന്ദ്യമുള്ള കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമെല്ലാം മികച്ച വഴികാട്ടിയായിരുന്നു അദ്ദേഹം. ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ സീനിയർ മാനേജർ ആയിരുന്ന അദ്ദേഹം ജോലിയിലെ ഉയർച്ചകൾ വേണ്ടന്ന് വച്ച് മകൻ ഗോൾഡി ഗൗതത്തിനൊപ്പം നിഴൽപോലെ നടന്നു. എഴുപത് ശതമാനം മെന്റൽ ഡിസബിലിറ്റിയിൽ നിന്നും ഏറെക്കുറേ സാധാരണ നിലയിലേയ്ക്ക് ഗോൾഡി എത്തിയത് സിദ്ധാർത്ഥന്റെ ചിട്ടയായ പരിശീലനത്തിലൂടെയായിരുന്നു.