കൊവിഡ് പരിശോധനയ്ക്ക് സഞ്ചരിക്കുന്ന യൂണിറ്റ് പ്രവർത്തനം തുടങ്ങി
ആലപ്പുഴ: സമ്പർക്ക സാദ്ധ്യത പരമാവധി കുറച്ച്, ആധുനിക സംവിധാനങ്ങളോടെ സ്രവശേഖരണവും മറ്റ് പരിശോധനകളും ഒരേസമയം നടത്താൻ ശേഷിയുള്ള ടെസ്റ്റ് ആൻഡ് റെസ്പോൺസ് ഓട്ടോമൊബൈൽ ഫോർ കൊവിഡ് 19 എമർജൻസി യൂണിറ്റ് (ട്രേസ്) ജില്ലയിൽ പ്രവർത്തനമാരംഭിച്ചു. ബ്രീത്ത് ഒഫ് ഹോപ്പ് സംഘാംഗവും കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയിലെ ടെക്നിക്കൽ സ്റ്റാഫുമായ ഡോ.പ്രവീൺ.ജി.പൈയാണ് മൊബൈൽ സാമ്പിൾ ശേഖരണ യൂണിറ്റിന് പിന്നിൽ.
പോയിന്റ് ഓഫ് കെയർ സാമ്പിൾ ശേഖരണത്തിന്റെ ഭാഗമായാണ് ട്രേസ് യൂണിറ്റിന്റെ പ്രവർത്തനം. സ്രവ പരിശോധനയ്ക്ക് എത്തുന്ന വ്യക്തിക്ക് മറ്റന്തെങ്കിലും അസുഖമുണ്ടെന്ന് തോന്നിയാൽ വിദഗ്ദ്ധ ഡോക്ടർമാർക്ക് വീഡിയോ കോളിലൂടെ പരിശോധന നടത്താനുള്ള ടെലിമെഡിസിൻ സംവിധാനവും വാഹനത്തിൽ ക്രമീകരിച്ചിരിക്കുന്നു. ബ്ലൂ ടൂത്ത് സൗകര്യമുള്ള ഡിജിറ്റൽ സ്റ്റെതസ്ക്കോപ്പ് അടക്കമുള്ള ഉപകരണങ്ങളാണ് പരിശോധനയ്ക്ക് ഉപയോഗിക്കുക. അറിയിപ്പുകൾ നൽകുന്നതിനായി സ്പീക്കറും മൈക്കുമുണ്ട്. വൈറസ് ഒരു വിധത്തിലും പുറത്തു കടക്കാതിരിക്കാൻ അലുമിനിയം കളക്ഷൻ ബോക്സിന്റെ പ്രോട്ടോടൈപ്പും ഒരുക്കിയിട്ടുണ്ട്. സാമ്പിൾ പരിശോധനാകേന്ദ്രത്തിലെത്തുന്നത് വരെ കോൾഡ് ചെയിൻ നിലനിർത്താൻ സവിശേഷതയുള്ള കളക്ഷൻ ബോക്സാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അത്‌ലറ്റിക്കോ ഡി ആലപ്പി എന്ന സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിലാണ് വാഹനമുൾപ്പടെയുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരിയത്.
പേഷ്യന്റ് രജിസ്ട്രേഷൻ
സോഫ്റ്റ് വെയറും
ഇന്നോവ വാഹനത്തിലാണ് ട്രേസിന്റെ പ്രോട്ടോടൈപ്പ് ഒരുക്കിയിട്ടുള്ളത്. രണ്ട് ജീവനക്കാർ വാഹനത്തിനുള്ളിലും ഒരാൾ പുറത്തും നിൽക്കും. പരിശോധനയ്ക്ക് എത്തുന്ന വ്യക്തിയുടെ സ്വാബ് വാഹനത്തിനുള്ളിലിരുന്നാണ് ശേഖരിക്കുക. ഇതേസമയം വാഹനത്തിന് പുറത്ത് നിൽക്കുന്ന ജീവനക്കാരൻ സ്രവം ശേഖരിക്കുന്ന ട്യൂബിൽ വ്യക്തിയുടെ പേരും അനുബന്ധ വിവരങ്ങളും ബാർകോഡ് സ്റ്റിക്കർ പ്രിന്റർ വഴി രേഖപ്പെടുത്തും. ട്യൂബിലാക്കിയ സ്രവം മൈനസ് ഡിഗ്രി താപനിലയിൽ സൂക്ഷിക്കുന്നതിനായി കളക്ഷൻ ബോക്സിൽ നിക്ഷേപിക്കും. വ്യക്തികളുടെ വിവരങ്ങൾ സൂക്ഷിക്കുന്നതിനായി പേഷ്യന്റ് രജിസ്ട്രേഷൻ സോഫ്റ്റ് വെയറും രൂപകൽപ്പന ചെയ്തിട്ടുണ്ട്. വാഹനത്തിനുള്ളിൽ പോസിറ്റീവ് പ്രഷർ ഗ്രേഡിയന്റ് നിലനിർത്തുന്നതിനാൽ പുറത്തു നിന്നുള്ള വായൂ അകത്തേക്ക് കടക്കില്ല
പിഴവില്ലാത്ത പരിശോധനയ്ക്ക്
റിമോട്ട് കൺട്രോൾഡ് റോബോട്ട്
സാമ്പിൾ മൈനസ് ഡിഗ്രിയിൽ സൂക്ഷിക്കാനുള്ള കളക്ഷൻ ബോക്സ്
ബ്ലൂടൂത്ത് സൗകര്യമുള്ള ഡിജിറ്റൽ സ്റ്റെതസ്കോപ്പ്
പൾസ് നിരക്ക്, ശരീര താപനില എന്നിവ വാഹനത്തിലെ ഇ.എം.ആറിൽ തെളിയും
വാഹനത്തിനുള്ളിൽ വിസ്താരമുള്ള ഫ്രീസർ
ഓട്ടോമേറ്റഡ് സാനിറ്റൈസർ ഡിസ്പെൻസർ
അണുനാശിനി അറകൾ
ബയോ മെഡിക്കൽ മാലിന്യങ്ങൾ പുറത്ത് നിന്ന് കണ്ടെയ്നറിലേക്ക് മാറ്റും
'' കൊവിഡ് മാത്രമല്ല, ഭാവിയിൽ എന്ത് സാംക്രമിക രോഗം വന്നാലും മുൻകൂട്ടി അറിയാൻ ട്രേസ് സഹായകമാകും. ട്രേസ് റോബോട്ട് ജൂനിയറാണ് ഇപ്പോൾ ആവിഷ്ക്കരിച്ചിരിക്കുന്നത്. സീനിയർ പതിപ്പ് പുറത്തിറങ്ങുന്നതോടെ സമ്പർക്കത്തിന്റെ തോത് ഗണ്യമായി കുറയ്ക്കാനാവും
- ഡോ. പ്രവീൺ.ജി.പൈ