ആലപ്പുഴ: സിനിമാതാരവും ചിത്രകാരനുമായ കോട്ടയം നസീർ ലോക്ക് ഡൗൺ കാലത്ത് വരച്ച യേശു ക്രിസ്തുവിന്റെ ചിത്രം ആലപ്പുഴ ലത്തീൻ രൂപതയ്ക്ക് കൈമാറി. നസീറിന്റെ ജന്മദിനമായ ഇന്നലെ ബിഷപ്പ് ഹൗസിൽ നടന്ന ചടങ്ങിൽ ബിഷപ്പ് ഡോ: ജയിംസ് റാഫേൽ ആനാപറമ്പിൽ മന്ത്രി ജി.സുധാകരനിൽ നിന്ന് ചിത്രം ഏറ്റുവാങ്ങി. മന്ത്രിക്ക് നൽകാനായി അദ്ദേഹത്തിന്റെ ചിത്രവും കഴിഞ്ഞ ദിവസം നസീർ വരച്ചിരുന്നു. ഇത് ചടങ്ങിൽ മന്ത്രിക്ക് സമ്മാനിച്ചു. ആലപ്പി ബീച്ച്ബാണ് കോട്ടയം നസീറിൽ നിന്ന് ഒരു ലക്ഷം രൂപ നൽകി പെയിന്റിംഗ് സ്വന്തമാക്കിയത്. ഈ തുക കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കോട്ടയം നസീർ നൽകിയിരുന്നു. ചിത്രം ആലപ്പുഴയിലെ ആരാധനാലയത്തിൽ സ്ഥാപിക്കുവാൻ സൗജന്യമായി നൽകുന്നതിന് ആലപ്പി ബീച്ച് ക്ലബ് തീരുമാനിച്ചു. വി.ജി.വിഷ്ണു, മനേഷ് കുരുവിള, സി.ടി.സോജി, ബാബു അത്തിപ്പൊഴിയിൽ, ദേവനാരായണൻ, ആനന്ദ് ബാബു,സന്തോഷ് തോമസ്,വി.കെ.നാസർ,ഒ.വി.പ്രവീൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അക്രിലിക് പെയിന്റ് ഉപയോഗിച്ചാണ് ചിത്രം വരച്ചിട്ടുള്ളത്.

.