തുറവൂർ:ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിനായി സംസ്ഥാനത്തെ പട്ടിക വിഭാഗത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണും ഹയർ സെക്കൻഡറി തലം മുതലുള്ളവർക്ക് ലാപ്പ്ടോപ്പും സൗജന്യ ഡേറ്റയും അടിയന്തരമായി നൽകണമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി തുറവുർ സുരേഷ് ആവശ്യപ്പെട്ടു. വർഷാവർഷം പട്ടിക വിഭാഗങ്ങളുടെ ഫണ്ടുകൾ ലാപ്സാകുന്ന സാഹചര്യത്തിൽ ഇതിനുള്ള ഫണ്ടു കണ്ടെത്തുന്നതിന് സാങ്കേതികമായി തടസമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലില്ലായ്മയുടെ ഫലമായി ബഹു ഭൂരിപക്ഷം പട്ടിക വിഭാഗം കുടുംബങ്ങളും ജീവിതം തള്ളിനീക്കുവാൻ വളരെ ബുദ്ധിമുട്ടുകയാണ്. കൊറോണ ഭീതിയും വരാനിരിക്കുന്ന കാലവർഷക്കെടുതികളും ഇക്കൂട്ടരെ കടുത്ത ദുരിതത്തിലേക്ക് തള്ളിവിടുമെന്നും അദ്ദേഹം പറഞ്ഞു.