ആലപ്പുഴ:എം.പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അനുശോചിച്ചു. രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാവാമെങ്കിലും ആരാലും അവഗണിക്കാൻ സാധിക്കാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം.സാഹിത്യകാരൻ, മികച്ച വാഗ്മി, പത്രപ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ ഇതിനെല്ലാമപ്പുറം വലിയൊരു മനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹം. നല്ല സോഷ്യലിസ്റ്ര് ചിന്താഗതിക്കാരനും. താനുമായി നല്ല സൗഹൃദബന്ധമാണ് പുലർത്തിപ്പോന്നത്. പലതവണ തന്റെ വീട്ടിൽ അദ്ദേഹം വരികയും സ്നേഹം പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

വയലാർ രവിയുടെ ചെറുമകന്റെ ചോറൂണിന് ശേഷം ഗുരുവായൂരിൽ ശുദ്ധികലശമെന്ന അനാചാരം നടന്നപ്പോൾ അതിനെതിരെ തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ യൂത്ത്മൂവ്മെന്റ് പ്രവർത്തകർ ശിവഗിരിയിൽ നിന്ന് ഗുരുവായൂരിലേക്ക് നടത്തിയ അയിത്ത നിർമ്മാർജ്ജന ജാഥയുടെ സമാപന ചടങ്ങിൽ അദ്ദേഹം പങ്കെടുത്തു നടത്തിയ പ്രസംഗം ഏറെ ആവേശകരമായിരുന്നു. ഇന്ദിരാഗാന്ധി പണ്ട് എത്തിയപ്പോഴുള്ള ജനക്കൂട്ടത്തെക്കാൾ വലിയ ജനക്കൂട്ടമാണ് ഗുരുവായൂരിൽ എത്തിയതെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.

വീരേന്ദ്രകുമാറിന്റെ വിയോഗം കേരളത്തിന് വലിയ നഷ്ടമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.