ചാരുംമൂട് : ജലന്ധറിലെ ജോലിസ്ഥലത്തു നിന്നും ടെയിനിൽ നാട്ടിലേക്ക് വരവെ വിജയവാഡക്ക് സമീപം വച്ച് മരിച്ച താമരക്കുളം നാലുമുക്ക് സൗപർണ്ണികയിൽ നൃപൻ ചക്രവർത്തി ( 33 ) യുടെ മൃതദേഹം ഇന്ന് രാവിലെ വീട്ടിലെത്തിക്കും.

ഈ മാസം 19 ന് നാട്ടിലേക്ക് തിരിച്ച നൃപനെ 22ന് ഉച്ചയ്ക്ക് വിജയവാഡയ്ക്ക് സമീപം കൊണ്ടപ്പള്ളി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെ ട്രാക്കിലാണ് ട്രയിൻ കയറി മരിച്ച നിലയിൽ കണ്ടത്.
പൊലീസാണ് വിവരം നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചത്.റെയിൽവേ പൊലീസ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയെങ്കിലും നാട്ടിലെത്തിക്കുവാനുള്ള നടപടിക്രമങ്ങൾ വൈകിയതോടെ കൊടിക്കുന്നിൽ സുരേഷ് എം.പി ആന്ധ്രയിലെ റെയിൽവേയുടെയും ജില്ലാഭരണകൂടത്തിന്റെയും അധികാരികളുമായി ബന്ധപ്പെട്ടിരുന്നു. ഇതോടെയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തീകരിക്കാൻ കഴിഞ്ഞത്. ഇന്ന് രാവിലെ 7 മണിയോടെ മൃതദേഹം വീട്ടിൽ കൊണ്ടുവരും. തുടർന്ന് സംസ്കാര ചടങ്ങുകളും നടക്കും.