അമ്പലപ്പുഴ: വാക്കുതർക്കത്തെ തുടർന്ന് അയൽവാസികളായ പത്തംഗസംഘം വീടുകയറി നടത്തിയ ആക്രമണത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്കേറ്റു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 15-ാം വാർഡിൽ കോമന പുതുവൽ വീട്ടിൽ പ്രേംലാൽ (49), അമ്മ സരസു (70), ബന്ധുക്കളായ ശരത്ത് ലാൽ (24) ,ഇയാളുടെ ഭാര്യ സൂര്യ (23), ബന്ധു മൃദുല (27) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം.

ഇന്നലെ രാവിലെ 10 അംഗ സംഘവും പരിക്കേറ്റവരുമായി വാക്കുതർക്കം ഉണ്ടാകുകയും പ്രേംലാൽ ഇവർക്കെതിരെ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു. വൈകിട്ടോടെ മദ്യപിച്ചെത്തിയ 10 അംഗസംഘം പ്രേംലാലിന്റെ വീട്ടിൽ കയറി ഇരുമ്പു വടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.പ്രതികൾക്ക് വേണ്ടി അമ്പലപ്പുഴ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി