ആലപ്പുഴ : തോട്ടപ്പള്ളിയിൽ പൊഴിയുടെ വീതി കൂട്ടാനായി ഇപ്പോൾ നടക്കുന്ന ഖനനം അവസാനിപ്പിച്ച് അത് കൊണ്ടുണ്ടാകുന്ന പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠനം നടത്തണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി വി സുശികുമാർ പറഞ്ഞു. ഇതുവരെ നടത്തിയ കരിമണൽ ഖനനത്തെ കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണം. കുട്ടനാടിന്റെയും ഓണാട്ടുകരയുടെയും കാർഷികപ്രദേശങ്ങളിൽ ഓരുവെള്ളം കയറി കൃഷി നശിക്കാനുള്ള സാദ്ധ്യതയെപ്പറ്റിയും പഠനം നടത്തണം. ഐ.ആർ.ഇ യുടെയും കെ.എം.എം.എല്ലിന്റെയും പേരിൽ കരിമണലെടുത്ത് സ്വകാര്യകമ്പനികൾക്ക് കൊടുത്ത് കോടികൾ സമ്പാദിക്കുന്ന ശക്തികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാന സമിതി അംഗം വിനോദ് ഉമ്പർനാട്, ജില്ലാ ജനറൽ സെക്രട്ടറി സി.എൻ.ജിനു എന്നിവരും ഒപ്പമുണ്ടായിരുന്നു.