സംഘങ്ങളിൽ ചകിരി എത്തിക്കാൻ കഴിയുന്നില്ല
ആലപ്പുഴ: ലോക്ക്ഡൗണിലും പിടിച്ചുനിന്ന കയർപിരി മേഖല ചകിരി ക്ഷാമത്തെ തുടർന്ന് പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.
കയർഫെഡിന്റെ ഉടമസ്ഥതയിൽ മലബാറിൽ പ്രവർത്തിക്കുന്ന ഡീഫൈബറിംഗ് മില്ലുകളിൽ ഉത്പാദിപ്പിച്ച് ഗോഡൗണിൽ ശേഖരിച്ചിരുന്ന ചകിരി ഇപ്പോൾ പ്രതിദിനം മൂന്ന് ലോഡ് വീതം ജില്ലയിൽ എത്തുന്നുണ്ട്. ഇത് എല്ലാ സംഘങ്ങളിലും എത്തിക്കാൻ കഴിയാത്തതാണ് കയർപിരി മേഖലയിൽ പ്രതിസന്ധിയുണ്ടാക്കുന്നത്.
കൊവിഡ് കൂടുതൽ പേർക്ക് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ നിന്ന് ചകിരി കൊണ്ടുവരാൻ കാലതാമസം ഉണ്ടാകും. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ചകിരി എത്തിക്കാൻ കഴിയുന്നില്ല. ഇതുമൂലം ജില്ലയിലെ 35,000ൽ അധികം തൊഴിലാളികളുടെ ജീവിതം ദുരിതത്തിലായി. നിലവിലെ പ്രതിസന്ധി മറികടക്കാൻ ചില സംഘങ്ങൾ സ്വകാര്യ മേഖലയിലെ ചകിരി കൂടിയ വിലയ്ക്ക് എടുക്കുന്നത് സംഘങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. ആറാട്ടുപുഴ കയർ പിരിക്കുന്നതിന് 30 കിലോ ചകിരിക്ക് 660 രൂപയാണ് ഇടാക്കുന്നത്. വൈക്കം കയർ പിരിക്കുന്നതിന് 35 കിലോ തൂക്കമുള്ള ഒരു കെട്ട് ചകിരിക്ക് 630 രൂപയുമാണ് ഇവർ സംഘങ്ങളിൽ നിന്ന് ഇടാക്കുന്നത്. മാർച്ചിൽ 590 രൂപയുണ്ടായിരുന്ന ചകിരിക്കാണ് വില കുത്തനേ കൂട്ടിയത്.
കമ്പം, തേനി, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്ത് കയർഫെഡും സഹകരണ സംഘങ്ങളും ചകിരി വാങ്ങുന്നത്. ചകിരി അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്നതിനുള്ള പ്രവർത്തനം കയർഫെഡ് ലോക്ക് ഡൗൺ കാലത്തും തുടർന്നിരുന്നു. ഇതിന് ആവശ്യമായ ഇ ടെൻഡർ ഒന്നിന് പൂർത്തീകരിക്കും. മില്ല് ഉടമകളുമായി ചർച്ചനടത്തി കുറഞ്ഞ വിലയ്ക്ക് ചകിരി എത്തിക്കുന്നതിനുള്ള പ്രവർത്തനമാണ് കയർഫെഡ് നടത്തുന്നത്. കയറിന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ കയർ കേരളയിൽ തീരുമാനിച്ചതിനാൽ കയർ പ്രോജക്ട് ഓഫീസർമാർ മാർച്ചിൽ കൂടുതൽ കയർ ഉത്പാദിപ്പിക്കണമെന്ന് സംഘം ഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നു.
കെട്ടിക്കിടക്കുന്നു
കയർപിരി മേഖല പോലെ കയർ ഉത്പന്ന മേഖലയിലും കടുത്ത പ്രതിസന്ധിയാണ്. ഉത്പന്നങ്ങൾ കയർ കോർപ്പറേഷന് എടുക്കാൻ കഴിയുന്നില്ല. കൊവിഡിനെ തുടർന്ന് ആഭ്യന്തര-വിദേശ വിപണി നിശ്ചലമായതിനാൽ ചെറുകിടക്കാരിൽ നിന്ന് എടുത്ത 42 കോടി രൂപയുടെ ഉത്പന്നങ്ങൾ കയർ കോർപ്പറേഷനിൽ കെട്ടിക്കിടക്കുന്നു. കയർ ഭൂവസ്ത്ര നിർമ്മാണ മേഖലയിൽ മാത്രമാണ് ഇപ്പോൾ തൊഴിലുള്ളത്.
>>>>>>>>>>>>>>>>>>>>>>>>>>>>>
ജില്ലയിൽ 9000 ചെറുകിട ഉത്പാദക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 32,000 തൊഴിലാളികളും പണിയെടുക്കുന്നു. ഉത്പന്നങ്ങൾ ശേഖരിക്കാൻ ഗോഡൗൺ ഇല്ലാത്ത അവസ്ഥയിലാണ്. കയർ തടുക്ക് നിർമ്മാണ മേഖലയിൽ തൊഴിൽ പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്. ഇതിന് സർക്കാരും കയർ കോർപ്പറേഷനും അടിയന്തരമായി ഇടപെടണം
(എം.പി.പവിത്രൻ, പ്രസിഡന്റ്, ചെറുകിട കയർ ഉത്പന്ന സംഘം)
..................................
വിവിധ ചെറുകിട സംഘങ്ങളിൽ നിന്ന് സംഭരിച്ച ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാതെ കെട്ടികിടക്കുന്നു. ഇത് വിറ്റഴിക്കാനുള്ള നടപടി സർക്കാർ തലത്തിൽ നടത്തിവരുന്നു. ചെറുകിടക്കാരിൽ നിന്ന് ഉത്പന്നം വാങ്ങിയ വകയിലുള്ള 16 കോടിയിൽ മൂന്ന് കോടി രൂപ മാത്രമേ കൊടുത്തിട്ടുള്ളു. ഇപ്പോഴത്തെ അവസ്ഥയിൽ ഉത്പാദനം താത്കാലികമായി നിറുത്തിവയ്ക്കുന്നതിനെ കുറിച്ചും ആലോചിക്കേണ്ട അവസ്ഥയിലാണ്
(ടി.കെ.ദേവകുമാർ, ചെയർമാൻ, കയർ കോർപ്പറേഷൻ)
.................................
ഉത്പാദനം വർദ്ധിപ്പിക്കാനായി സംഘങ്ങളിൽ ചകിരി എത്തിക്കാനുള്ള ശ്രമത്തിലാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്ന് ചകിരി എത്തിക്കാൻ ഇ ടെൻഡർ നടപടി ജൂൺ ഒന്നിന് പൂർത്തിയാക്കി 10ന് ചകിരി എത്തിക്കാൻ കഴിയും. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അനുമതിയോടെ കയർഫെഡിന്റെ ഉടമസ്ഥതയിൽ മലബാറിൽ പ്രവർത്തിക്കുന്ന ഡീഫൈബറിംഗ് മില്ലുകളിൽ ഉത്പാദിപ്പിച്ച് ഗോഡൗണിൽ ശേഖരിച്ചിട്ടുള്ള ചകിരി സംഘങ്ങളിൽ എത്തിച്ച് തുടങ്ങി
(അഡ്വ. എൻ.സായ് കുമാർ, പ്രസിഡന്റ്, കയർഫെഡ്)