പ്രതിസന്ധിയിൽ ബ്യൂട്ടീഷ്യൻമാർ
ആലപ്പുഴ: മാസ്ക് കവചം തീർക്കുന്ന മുഖത്ത് ഒറ്റനോട്ടത്തിൽ കാണാനാവുന്നത് കണ്ണുമാത്രം. പിന്നെന്തിന് മേക്കപ്പ് എന്ന് പെൺകുട്ടികൾ ചിന്തിച്ച് തുടങ്ങിയാൽ അവതാളത്തിലാവുന്നത് ബ്യൂട്ടീഷ്യൻമാരാണ്. കല്യാണ സീസൺ പൂർണമായും നഷ്ടപ്പെട്ടു. നടന്ന വിവാഹങ്ങൾക്ക് ഒരുക്കാൻ അവസരം ലഭിച്ചത് വീഡിയോ പിടുത്തമുണ്ടെന്ന ഒറ്റക്കാരണം കൊണ്ടാണ്. കല്യാണത്തിൽ പങ്കെടുക്കാൻ വിരലിലെണ്ണാവുന്നവരെ ഉള്ളെങ്കിലും എന്നും സൂക്ഷിക്കാനുള്ള വിവാഹ ആൽബത്തിലെ 'സൗന്ദര്യ'ചിന്ത മൂലമാണ് പേരിനെങ്കിലും വർക്ക് ലഭിക്കുന്നതെന്ന് ബ്യൂട്ടിഷ്യൻമാർ പറയുന്നു.
നിബന്ധനകളോടെ തുറന്ന പാർലറുകളിൽ മുടിവെട്ടിനു മാത്രമാണ് അനുമതി. നഗരങ്ങളിൽ മുടി കളർ ചെയ്യാൻ ചുരുക്കം ചിലരൊക്കെ എത്താറുണ്ട്. എന്നാൽ പാർലറുകളുടെ പ്രധാന വരുമാനമായ കല്യാണ ഒരുക്കങ്ങൾ നഷ്ടമായതോടെ പിടിച്ചുനിൽക്കാനാവാത്ത അവസ്ഥയിലാണ് സംരംഭകർ. അത്യാധുനിക സംവിധാനങ്ങളോടെ ഫർണിഷ് ചെയ്ത കെട്ടിടങ്ങളുടെ വാടക മുതൽ ലോൺ തിരിച്ചടവ് വരെ മുടങ്ങുന്നു. ലോക്ക് ഡൗണിൽ പൂപ്പൽ ബാധിച്ച വില കൂടിയ ക്രീമുകൾ നശിപ്പിക്കുകയല്ലാതെ മറ്റ് മാർഗമില്ല. സൗന്ദര്യ സംരക്ഷണത്തിനെത്തിയിരുന്ന പതിവുകാർ നാടൻ പൊടിക്കൈകളുമായി വീട്ടിലിരിപ്പാണ്. മാസ്ക് നിർബന്ധമാക്കിയതോടെ ഭാവി സാദ്ധ്യതകളുടെ വാതിലും അടയുമോ എന്ന ഭയപ്പാടിലാണ് ബ്യൂട്ടിഷ്യൻമാർ.
കല്യാണ മേക്കപ്പ് നിരക്ക്- 10,000- 50,000
..................................
തല മുതൽ പാദംവരെ സുന്ദരമാക്കുന്ന പാക്കേജുകളാണ് വിവാഹ സീസണിൽ പാർലറുകളുടെ പ്രധാന വരുമാനം. ഹെയർ സ്പാ, കളറിംഗ്, ഫേഷ്യൽ, ബ്ലീച്ച്, വാക്സ്, മെഡിക്യൂർ, പാനിക്യൂർ ഉൾപ്പെടെ വിവാഹ പാക്കേജിൽ ഉൾപ്പെടും. റിസപ്ഷനുകൾക്ക് പ്രത്യേക ചാർജാണ്.
.........................................
പ്രതിസന്ധികൾ
1. വരുമാനമില്ല
2. സ്റ്റാഫിന്റെ ശമ്പളം
3. വാടക, ലോൺ
4. ഉത്പന്നങ്ങൾ നശിക്കുന്നു
........................................
സ്വയംതൊഴിലെന്ന രീതിയിൽ വായ്പയെടുത്ത് പാർലറുകൾ നടത്തുന്നവരുണ്ട്. സ്ഥിരവരുമാനം നഷ്ടപ്പെട്ട അവസ്ഥയാണ്. ബ്യൂട്ടിഷ്യൻമാർക്ക് പിടിച്ചുനിൽക്കാൻ അടിയന്തരമായി പലിശരഹിത വായ്പയാണ് ആവശ്യം
അംബിക മോഹൻ, കേരള ബ്യൂട്ടിഷ്യൻസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി