ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജിന് സമീപം കളത്തിൽ വീട്ടിൽ ബിജു കുമാറിന്റെ ഭാര്യ പ്രേമ ഗോവിന്ദിന്റെ (40) മൃതദേഹം അടുക്കളയോട് ചേർന്നുള്ള കിണറിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സമീപത്തു നിന്ന് മണ്ണെണ്ണ കന്നാസും കണ്ടെടുത്തു.
ഇന്നലെ പുലർച്ചെയോടെ ഭർത്തൃ മാതാവ് സൗദാമിനിയാണ് മൃതദേഹം കണ്ടത്. വെള്ളിയാഴ്ച രാത്രി അത്താഴം കഴിച്ച് മക്കൾക്കൊപ്പം ഉറങ്ങാൻ കിടന്നതാണെന്ന് സൗദാമിനി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. രാവിലെ പ്രേമയെ വിളിച്ചപ്പോൾ കണ്ടില്ല. അടുക്കളയിൽ നോക്കിയപ്പോൾ പുറത്തോട്ടുള്ള വാതിൽ തുറന്നു കിടക്കുന്നത് കണ്ടു. തുടർന്ന് നോക്കിയപ്പോഴാണ് പുറത്ത് കിണറിന് സമീപം മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടതെന്നും സൗദാമിനി പറയുന്നു. ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പ്രേമയുടെ ഭർത്താവ് ബിജുകുമാർ സൗദിയിലെ കമ്പനിയിൽ ജോലിക്കാരനാണ്. അടുത്ത കാലത്ത് നാട്ടിൽ വന്ന് മടങ്ങിപ്പോയതാണ്. ബിജു താമസിക്കുന്ന സ്ഥലത്ത് സുഹൃത്തുക്കളിൽ ചിലർക്ക് കോവിഡ് ബാധിച്ചതായി പ്രേമ അറിഞ്ഞു. പനിയുണ്ടെന്ന് ബിജു കഴിഞ്ഞ ദിവസം വീട്ടിൽ അറിയിച്ചിരുന്നു. ഇതോടെ വിഷമത്തിലായിരുന്നു പ്രേമ. നങ്ങ്യാർകുളങ്ങര ബഥനി സെൻട്രൽ എൽ.പി സ്കൂൾ അദ്ധ്യാപികയാണ്. മക്കൾ: ഗൗരീശങ്കർ, വൈഷ്ണവ് .