കാറ്ററിംഗ് സർവ്വീസുകൾ അവതാളത്തിൽ
ആലപ്പുഴ: നേരേ ചൊവ്വേ സദ്യ വിളമ്പിയിരുന്ന കാലം കൊവിഡ് കവർന്നതിനാൽ ഭാവിയെന്തെന്നറിയാതെ ആശങ്കയിലാണ് സംസ്ഥാനത്തെ കാറ്ററിംഗ് മേഖല. ചടങ്ങുകൾ ലഘൂകരിച്ചതോടെ പാരമ്പര്യമായി നടത്തിവന്നിരുന്ന തൊഴിൽ അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ് പലരും.
ലോക്ക് ഡൗണിന് ശേഷം ഉണർവ് പ്രതീക്ഷിച്ചിരുന്നെങ്കിലും വിവാഹത്തിന് പരമാവധി 50 പേരെന്ന നിബന്ധന വന്നതോടെയാണ് എല്ലാം തകിടം മറിഞ്ഞത്. സാധാരണ സംഘമായെത്തി 250 മുതൽ 2000 പേർക്ക് വരെ സദ്യ ഒരുക്കിയിരുന്ന സ്ഥാനത്താണ് അൻപതിലേക്ക് ചുരുങ്ങിയത്. ഇതോടെ ജീവനക്കാരെയും വെട്ടിക്കുറയ്ക്കേണ്ട അവസ്ഥയിലാണ് എല്ലാ കാറ്ററിംഗ് സ്ഥാപനങ്ങളും. വിവാഹങ്ങൾക്ക് പാചകത്തിനും വിളമ്പിനും പുറമേ സകല ജോലികളും പാക്കേജ് ആയി ഏറ്റെടുത്തു നടത്തുന്നവർക്കും ഏറെ പ്രതീക്ഷയുണ്ടായിരുന്ന സീസണാണ് നഷ്ടമായത്. പാചകം, വിളമ്പ്, പന്തൽ, സ്റ്റേജ് അലങ്കാരം, ഗാനമേള തുടങ്ങി പാക്കേജ് ആയി ചടങ്ങുകൾ ഏറ്റെടുക്കുമ്പോൾ നൂറോളം പേർക്ക് ഒരു ദിവസം തൊഴിൽ നൽകാൻ സാധിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ ചെറിയ ജോലികളായതിനാൽ പലരെയും ഒഴിവാക്കേണ്ടിവരുന്നതായി പുളിങ്കുന്ന് ധ്വനി കാറ്ററേഴ്സ് ആൻഡ് ഇവന്റ് ഉടമ ജോസി പറയുന്നു.
ലോക്ക് ഡൗൺ അവസാനിച്ചാൽപോലും ഈ വർഷം ഇനിയൊരു സീസൺ ഇവർ പ്രതീക്ഷിക്കുന്നില്ല. കൊവിഡ് കേസുകൾ ഉയരുന്നതിനാൽ ചിങ്ങത്തിലെ കല്യാണ ബുക്കിംഗുകളിൽ കുറവ് വന്നേക്കും. ആര്യാട്ട് വർഷങ്ങളായി വിവാഹ പാചകങ്ങൾ ഏറ്റെടുത്ത് നടത്തുന്ന അനീഷ് ഹരിദാസിന് ലോക്ക്ഡൗൺ കാലത്ത് നഷ്ടമായത് 15 ബുക്കിംഗുകളാണ്. പലരും ബാങ്ക് വായ്പകളെടുത്താണ് സംരംഭം നടത്തുന്നത്. വലിയ കാറ്ററിംഗ് യൂണിറ്റുകൾക്ക് പാത്രങ്ങൾ വാങ്ങാൻ മാത്രം ലക്ഷങ്ങൾ വേണ്ടിവരും. സീസൺ നഷ്ടമായതോടെ വായ്പ തിരിച്ചടവുകളും ഭീഷണിയാവുകയാണ്. സംഘടിതമല്ലാത്തതിനാൽ ക്ഷേമനിധിയോ ആനുകൂല്യങ്ങളോ മേഖലയിലെ തൊഴിലാളികൾക്ക് ലഭിക്കുന്നില്ല.
..............
വിവാഹങ്ങളും, സപ്താഹങ്ങളുമടക്കം നിരവധി ബുക്കിംഗുകൾ ഉണ്ടായിരുന്നു. കല്യാണങ്ങൾ ആളെ കുറച്ച് നടത്തുന്നതിനാൽ എല്ലാ തൊഴിലാളികൾക്കും ജോലി കൊടുക്കാനാവില്ല. അടുത്തെങ്ങും ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നില്ല
(അനീഷ് ഹരിദാസ്, പാചകകല കാറ്ററിംഗ്)
.........................
1000 പേരുടെ സദ്യയിൽ 60 പേർക്ക് തൊഴിൽ
..................