ഹരിപ്പാട്: ധീര ജവാന്റെ സ്മൃതിമണ്ഡപത്തിന്റെ ചില്ലുകൾ സാമൂഹിക വിരുദ്ധർ തകർത്തു. 2016 മേയ് 31ന് സി എ ഡി( സെൻട്രൽ അമ്യുനേഷൻ ഡിപ്പോ) പുൽഗാവ് മൈൻ സ്ഫോടനത്തിൽ രക്തസാക്ഷിത്വം വഹിച്ച മേജർ മനോജ് കുമാറിന്റെ കാർത്തികപ്പള്ളി ആറാം വാർഡിൽ പുതുക്കുണ്ടം സൈനികാങ്കണം വീടിന്റെ മതിലിനോട് ചേർന്നുള്ള സ്മൃതിമണ്ഡപം ആണ് തകർത്തത്. ഇന്നലെ രാവിലെ അഞ്ച് മണിയോടെ മനോജ് കുമാറിന്റെ പിതാവ് കൃഷ്ണൻ വീടിന് പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം നടന്നിരിക്കുന്നത് കണ്ടത്. ഉടൻ തന്നെ വിവരം തൃക്കുന്നപ്പുഴ പൊലീസിൽ അറിയിച്ചു. തുടർന്ന് പൊലീസെത്തി തെളിവുകൾ ശേഖരിച്ചു. വിരലടയാള വിദഗ് ദ്ധർ ഫോറൻസിക് ഉദ്യോഗസ്ഥർ എന്നിവരും സ്ഥലത്തെത്തിയിരുന്നു. മനോജ് കുമാറിന് ഗവൺമെന്റ് നിന്നും അനുവദിച്ച കിട്ടിയിട്ടുള്ള വീടും സ്ഥലവും ആണ് ഇത്. രണ്ടുവർഷമായി മനോജ് കുമാറിന്റെ മാതാപിതാക്കളാണ് ഇവിടെ താമസിക്കുന്നത്. ഇന്ന് മനോജ് കുമാറിന്റെ നാലാം രക്തസാക്ഷിത്വദിനം ആണ്. ഇതിന് തലേദിവസം തന്നെ ഇത്തരത്തിലൊരു ആക്രമണമുണ്ടായതിന്റെ ദുഃഖത്തിലാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ.